പത്തനാപുരം : നഗരമധ്യത്തിലെ വീട്ടിൽ വന്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണസംഘം ഇന്ന് പരിശോധന നടത്തും.പത്തനാപുരം നഗരത്തില്‍ വണ്‍വേ റോഡിന് സമീപമുള്ള വീട്ടിലാണ് ഇന്നലെ പകല്‍ സമയം വീട് കുത്തി തുറന്ന് 90 പവന് സ്വര്‍ണ്ണവും,ഇരുപത്തിരണ്ടായിരം രൂപയും കവര്‍ന്നത്.
പത്തനാപുരം വണ്‍വേയില്‍ ലൗലാന്റില്‍ നവാസിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും,പണവും മോഷണം പോയത്. നവാസും ഭാര്യയും രാവിലെ പത്തോടെ ജോലിയ്ക്കായി പോയിരുന്നു.തുടര്‍ന്ന് വൈകുന്നേരം 5.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.വീടിന്റെ മുന്‍ഭാഗത്തെ കതക് കുത്തി തുറന്ന നിലയിലായിരുന്നു.
എല്ലാ മുറിയുടെയും കതകുകള്‍ തുറന്നിട്ടുണ്ട്.സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും വലിച്ച് വാരിയിട്ട നിലയിലാണ്.അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന 90 പവന് സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറയുന്നു.മുന്‍വശത്തെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.
മതില് ചാടിയാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതെന്നാണ് പോലീസ് നിഗമനം.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തി.ഇന്ന് വിരലടയാളവിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്ത് പരിശോധന നടത്തും.സമീപത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
വണ്‍വേ റോഡില്‍ ഈ വീടിന് സമീപത്തായി ഒരു സ്വകാര്യ ആശുപത്രിയും,സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസും മാത്രമാണുള്ളത്.നവാസ് എ.എച്ച്.ഡിയിലെ ഉദ്യോഗസ്ഥനാണ്.പത്തനാപുരം സി.ഐ.അന്‍വറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.