കൊല്ലങ്കോട്: മുതലമടയിൽ വീട്ടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച ആഭരണവും പണവും കവർന്ന സംഭവത്തിൽ അരപവൻ ഒഴികെ ആഭരണം തിരിച്ചുകിട്ടി. പാപ്പൻചള്ള സുരേഷിന്റെ ഭാര്യ സുന്ദരിയുടെ പത്തേകാൽ പവൻ സ്വർണ്ണവും 52200 രൂപയുമാണ് ഇക്കഴിഞ്ഞ ദിവസം പകൽ മോഷ്ടിച്ചത്. സംഭവത്തിൽ കൊല്ലങ്കോട് പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയതോടെ അര പവൻ ബ്രെയ്സ് ലെറ്റ് ഒഴികെയുള്ള ആഭരണം ഇന്നലെ പുലർച്ചെ സുന്ദരിയുടെ വീട്ടുമുറ്റത്ത് തിരിച്ചു വെച്ച നിലയിൽ കണ്ടെത്തി.
പണം തിരിച്ചു കിട്ടിയില്ല. മോഷണം നടന്ന ദിവസം ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിൽ ഭയന്നാണ് മോഷണ വസ്തുവിൽ ആഭരണങ്ങൾ തിരികെ വച്ചത്. ആലത്തൂർ ഡിവൈഎസ്പി കെ. ദേവസ്യ, കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, സബ് ഇൻസ്പെക്ടർ ഹരിദാസ് എന്നിവരും സുന്ദരിയുടെ വീട്ടിലെത്തിയിരുന്നു.
മോഷ്ടാവ് പ്രദേശത്തു തന്നെയുള്ള ആളാണെന്നാണ് പോലീസ് നിഗമനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പകൽ കൊള്ള അരങ്ങേറിയത്. സുരേഷ്- സുന്ദരി ദന്പതിമാർക്ക് രണ്ടു ആണ്മക്കളാണുള്ളത്. സുരേഷ് ഒരു മകനുമൊത്ത് മൂവാറ്റുപുഴയിൽ ജോലി സ്ഥലത്താണ് താമസം. സുന്ദരിയും ഇളയ മകനും മുതലമട പാപ്പാൻ ചള്ള യിലാണ് തമസം.
സുന്ദരി ജോലിക്കു പോകുന്പോൾ മുൻഭാഗം വാതിൽ ഉൾഭാഗത്ത് താഴിട്ടശേഷം പിൻ വാതിലിന്റെ പുറംഭാഗം പൂട്ടിയ ശേഷം താക്കോൽ സമീപത്തു തന്നെ വെച്ചിട്ടാണ് പോകാറുള്ളത്. മോഷ്ടാവ് താക്കോൽ എടുത്ത് പിൻവാതിൽ തുറന്ന് വീടിന്റെ അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ആഭരണവും പണവും കവർന്ന ശേഷം വീടുപൂട്ടി താക്കോൽ യഥാസ്ഥലത്തുവെച്ചാണ് പോയത്.