കോട്ടയം: കൂരോപ്പടയിൽ വീട്ടിൽ വൻ കവർച്ച. 45 പവൻ സ്വർണവും 90,000 രൂപയും കവർന്നത്. പാന്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുകാർ പുറത്തുപോയ സമയത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. കവർച്ചക്ക് ശേഷം രക്ഷപ്പെടുന്പോൾ മോഷ്ടാവിന്റെ കൈയിൽനിന്നു വീണെന്നു കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തുനിന്നായി കിട്ടി.
ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയ സമയത്താണ് കവർച്ച നടന്നത്.
ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നിട്ടുള്ളത്. അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
വീടിന്റെ മറ്റു മുറികളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽകൂടി ഓടിരക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.
കവർച്ച നടത്തിയവർ മോഷണം നടത്തിയതിനു ശേഷം വീട് മുഴുവനും രക്ഷപ്പെട്ട വഴികളിലും മുളകുപൊടി വിതറിയിട്ടുമുണ്ട്.
പാന്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാർ തിരികെ വീട്ടിലെത്തുന്നതിനു തൊട്ടുമുന്‍പാണ് മോഷ്ടാവ് കടന്നു കളഞ്ഞതെന്നും വീടിനെപ്പറ്റിയും ചുറ്റുപാടിനെയുംപറ്റി അറിയുന്നവരാണ് മോഷണം നടത്തിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്.