കോട്ടയം: ലോഡ്ജ് മുറിയിൽ നിന്നും 1,83,000 രൂപ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയി. ലോഡ്ജ് ജീവനക്കാരനെ കാണാനില്ല.പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരന്റെ പേരും മേൽവിലാസവുമുൾപ്പെടെ ലോഡ്ജിൽ നല്കിയിരുന്ന മുഴുവൻ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയം ഗുഷ്ഷെപ്പേർഡ് റോഡിലുള്ള തേക്കനാട്ട് ലോഡ്ജിലാണ് സംഭവം.
കോട്ടയം നാഗന്പടം മൈതാനത്ത് നടക്കുന്ന ഫ്ളവർ ഷോയിൽ സ്റ്റാൾ ഇട്ടിരിക്കുന്നയാളുടെ പണമാണ് നഷ്്ടപ്പെട്ടത്. സ്റ്റാളിൽ നിന്നും വിവിധ സാധനങ്ങൾ വില്പന നടത്തി കിട്ടിയ പണമാണ് ഇവർ ലോഡ്ജ് മുറിയിൽ ബാഗിനുള്ളിലാക്കി സൂക്ഷിച്ചിരുന്നത്.
താമസക്കാർ ഒരു സ്വകാര്യ പരിപാടിക്കായി പുറത്തു പോയിരുന്നു. തിരികെ വന്നപ്പോഴാണ് പണമടങ്ങിയ ബാഗ് കാണാതായത്.തുടർന്നു നടത്തിയ അന്വേഷണത്തിൽ ലോഡ്ജ് ജീവനക്കാരനെയും കാണാതായതോടെ പോലീസിൽ പരാതി നല്കുകയായിരുന്നു.
ജീവനക്കാരൻ ജോലിക്കെത്തിയപ്പോൾ പാസ്പോർട്ടിന്റെ കോപ്പിയാണ് ലോഡ്ജിൽ നല്കിയിരുന്നത്. മാവേലിക്കര എണ്ണയ്ക്കാട് ഭാഗത്ത് ശ്രീരംഗം വീട്ടിൽ ശ്യാം നായർ എന്നാണ് ഇതിലെ വിലാസം. എന്നാൽ ഈ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അഡ്രസ് വ്യാജമാണെന്നും ഈ വിലാസം തേടി മറ്റു പല പോലീസ് സ്റ്റേഷനുകളിൽ നിന്നും അന്വേഷണം വന്നതായും പോലീസിനു വ്യക്തമായി.
ഇതോടെ വ്യാജ മേൽവിലാസത്തിൽ ലോഡ്ജിൽ ജോലിക്കു എത്തി പണം മോഷ്്ടിച്ചയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചു ഏതെങ്കിലും വിവരം ലഭിച്ചക്കുന്നവർ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ 9447965264, എസ്ഐ 9497980326 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.