സ്വന്തം ലേഖകന്‍
കോഴിക്കോട്: മോഷണവും അത് ചെയ്ത രീതിയും എല്ലാം ഉഷാറാണ് മോനേ…പക്ഷെ വലയിലായിപോയി.
ക്ലൈമാക്സില്‍ ആശുപത്രിയില്‍നിന്നും ഇനി പേകേണ്ടത് ജയിലിലേക്കും. വഴിയരികില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാളാണ് കഥയിലെ മുഖ്യകഥാപാത്രം. ഇനി ഫ്ളാഷ് ബാക്ക്…
താമരശേരിക്കടുത്ത് തച്ചംപൊയിൽ പിസി മുക്ക് പുത്തൻതെരുവിൽ പി.ടി. അഷ്റഫിന്റെ പിടി സ്റ്റോർ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കള്ളൻ കയറിയത്.
കടയുടെ ഷട്ടർ തുറന്നു കിടക്കുന്നത് കണ്ട പ്രദേശവാസി കടയുടെ സമീപത്ത് താമസിക്കുന്ന സ്ഥാപന ഉടമയെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാർ ഓടി കൂടുന്നത് കണ്ട മോഷ്ടാവും ഒപ്പമുണ്ടായിരുന്നയാളും ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
എണ്ണായിരം രൂപ വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും അഞ്ഞൂറുരൂപ വിലമതിക്കുന്ന പഴയ ഒരു മൊബൈൽ ഫോണും ഒരു മിഠായിഭരണിയിൽ സൂക്ഷിച്ച രണ്ടായിരത്തിലധികം രൂപയും ഇതിനകം കൈക്കലാക്കി.
വന്ന ബൈക്കുപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഷ്ടാക്കൾ പിന്നീട് ചുങ്കം ഭാഗത്തുനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.
ഈ യാത്രയ്ക്കിടെയാണ് ബൈക്ക് അപകടത്തിൽപെട്ടത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേർ താമരശേരി ഭാഗത്തുനിന്ന് ബൈക്കിൽവരുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
യുവാവിനൊപ്പമുണ്ടായിരുന്ന മോഷണസംഘാംഗം അപകടസ്ഥലത്തുനിന്നും മുങ്ങിയെന്നാണ് സംശയിക്കുന്നത് റോഡിൽക്കിടന്നയാളെ ആശുപത്രിയിലെത്തിച്ച മെഡിക്കൽ കോളജ് പോലീസ് അപ്പോഴും കഥയൊന്നും അറിഞ്ഞിരുന്നില്ല.
പോലീസിന് കഥ മനസിലായതിങ്ങനെ…
പോക്കറ്റിൽക്കിടന്ന ഫോണിലെ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ട് അപകടവിവരമറിയിച്ചപ്പോഴാണ് ഫോൺ കൈവശമുള്ളയാൾ ബന്ധുവല്ല മറിച്ച് മോഷ്ടാവാണെന്ന് മനസിലായത്.
അപകടത്തിൽപെട്ട് അബോധാവസ്ഥയിലായതിനാൽ മോഷ്ടാവിന്റെ പക്കല്‍നിന്നും കിട്ടിയ രണ്ടു മൊബൈലുകളിലൊന്നിൽ സിം ഇട്ട പോലീസ് വൈഫ് എന്ന് ഫോൺ കോൺടാക്ടിൽ രേഖപ്പെടുത്തിയ നമ്പറിലേക്ക് വിളിച്ചതായിരുന്നു.
ബന്ധുക്കളെ വിവരമറിയിക്കുക എന്നതുമാത്രമായിരുന്നു പോലീസ് ഉദ്ദേശിച്ചത്.അങ്ങനെയാണ് മോഷ്ടിക്കപ്പെട്ട മൊബൈലിൽനിന്നാണ് വിളിക്കുന്നതെന്നും മോഷണസംഘത്തിലെ യുവാവാണ് വാഹനത്തിൽ കടന്നുകളയവെ അപകടത്തിൽപെട്ടതെന്നുമുള്ള സൂചനലഭിക്കുന്നത്.
ഇനി കൂട്ടാളിയും ഉടന്‍ വലയിലാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.