കോട്ടയം: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ചു വൻ പോക്കറ്റടി സംഘം പ്രവർത്തിക്കുന്നതായി പരാതി. കഴിഞ്ഞ ഏതാനും നാളുകളായി ബസ്സ്റ്റാൻഡിലെത്തിയ നിരവധി പേർക്കാണു പണവും പഴ്സും നഷ്ടപ്പെട്ടത്. പലപ്പോഴും ബസുകളിലേക്കു കയറുന്പോൾ കൃത്രിമമായി തിരക്കു സൃഷ്ടിച്ചാണു പലരുടെയും പഴ്സുകൾ മോഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കടുത്തുരുത്തി സ്വദേശിയായ യുവാവിനു പണം നഷ്ടപ്പെട്ടതാണ് അവസാന സംഭവം. രാത്രി 9.30ന് കടുത്തുരുത്തിയിലേക്ക് പോകാനായി ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും ഉണ്ടാക്കിയാണ് പോക്കറ്റടിച്ചത്. തിരക്കില്ലാത്ത സമയത്താണ് ബസിൽ കയറാൻ എത്തിയത്.
ഈ സമയം പെട്ടെന്ന് കുറച്ചു യാത്രക്കാർ വേഗം എത്തി ഇയാൾക്കൊപ്പം ബസിൽ കയറാൻ തിരക്കുകൂട്ടി. സീറ്റിൽ ഇരുന്നശേഷം ടിക്കറ്റ് എടുക്കാൻ പഴ്സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. 2700രൂപയും എടിഎം കാർഡും മറ്റ് രേഖകളുമാണ് ഇതിലുണ്ടായിരുന്നത്. ഒരു സംഘം മോഷ്ടാക്കൾ എത്തി യാത്രക്കാർ എന്ന നിലയിൽ ബസിൽ കയറുന്നതിന് തിക്കും തിരക്കുമുണ്ടാക്കിയാണ് പോക്കറ്റടി നടത്തുന്നതെന്നും പറയുന്നു.
നാളുകൾക്കു മുന്പു വരെ സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും മഫ്തി പോലീസിന്റെയും കണ്ട്രോൾ റൂം പോലീസിന്റെയും സേവനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചില സമയങ്ങളിൽ മാത്രമാണു പോലീസിന്റെ സേവനം ലഭിക്കുന്നത്. ഇതാണു പോക്കറ്റടിക്കാരും സാമൂഹിക വിരുദ്ധരും തന്പടിക്കാനുള്ള കാരണമെന്നും യാത്രക്കാർ പറയുന്നു. വൈകുന്നേരങ്ങളിൽ തിരക്ക് ഏറെ അനുഭവപ്പെടുന്ന സമയത്താണു പലർക്കും പണം നഷ്ടപ്പെട്ടിരിക്കുന്നത്.
കെഎസ്ആർടിസി ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും പൂവാലൻമാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണെന്നും പരാതിയുണ്ട്. ബസ്സ്റ്റാൻഡിലേക്കുള്ള റോഡ് അരികിലും ഇത്തരക്കാർ തന്പടിക്കാറുണ്ട്. സ്ത്രീകളെ കമന്റടിക്കുന്ന സംഘങ്ങളും ശല്യം ചെയ്യുന്ന സംഘങ്ങളും ഇവിടെയുണ്ട്.
രാത്രികാലങ്ങളിൽ ഇവിടെ നിന്ന് തനിച്ചു യാത്രചെയ്യാൻ സ്ത്രീകൾ ഭയപ്പെടുകയാണ്. പോക്കറ്റടിക്കാരെയും സാമൂഹിക വിരുദ്ധരെയും അമർച്ച ചെയ്യാൻ പോലീസ് പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.