കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പതിവാകുന്നു. വീടുകൾ കേന്ദ്രീകരിച്ച് രാത്രി 12നുശേഷമാണു പലമോഷണങ്ങളും നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടകപ്പാടം പ്രദേശത്ത് ഉണ്ണീശോ കുരിശടിക്കുസമീപമുള്ള നാലു വീടുകളിലാണു മോഷണം നടന്നത്.
കാരിത്താസ് – അടിച്ചിറ ഗേറ്റിനു സമീപമുള്ള മുണ്ടകപ്പാടത്ത് അടുത്ത ദിവസങ്ങളിൽ നാലു വീടുകളിലാണു മോഷണം നടന്നത്. പ്ലംബിംഗ് തൊഴിലാളിയായ ബിജു കഴിന്നുകണ്ടത്തിലിന്റെ വീട്ടിൽ ഗോവണി വഴി കയറിയാണു മോഷ്ടാവ് അകത്തുകടന്നത്. ഉറങ്ങിക്കിടന്ന ബിജുവിന്റെ ഭാര്യയുടെ രണ്ടു പാദസ്വരം, അമ്മയുടെ കഴുത്തിൽ കിടന്ന ഒന്നരപവനുള്ള മാല, ബിജുവിന്റെ പഴ്സിലുണ്ടായിരുന്ന 4000 രൂപ എന്നിവയാണു മോഷണംപോയത്.
പണവും സ്വർണവും അപഹരിച്ച കള്ളൻ അടുക്കള വാതിൽ തുറന്നു പുറത്തു പോകുകയായിരുന്നു. ബിജുവിന്റെ പഴ്സ് സമീപത്തെ പുരയിടത്തിൽനിന്നും ലഭിച്ചു. പണം അപഹരിച്ചതിനുശേഷം പഴ്സ് വലിച്ചെറിഞ്ഞതാകുമെന്നു കരുതുന്നു. സമാന സംഭവങ്ങളാണു മറ്റു വീടുകളിലും നടന്നത്.
വാഴശേരി ജോയി, സണ്ണി പാലത്തറ, ഫിലിപ്പ് എട്ടുകാട്ടിൽ എന്നിവരുടെ വീടുകളിലാണു മോഷണശ്രമം നടന്നത്. വാഴശേരി ജോയിയുടെ വീടിന്റെ ജനൽപാളി അടിച്ചു പൊട്ടിച്ചാണു മോഷണ ശ്രമം നടത്തിയത്. ജോയിയുടെ മകൻ ഉണർന്നതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു. തുറന്നു കിടന്നിരുന്ന ജനലിന്റെ അഴി മുറിച്ച് അകത്തു കയറിയാണ് സണ്ണി പാലത്തറയുടെ വീട്ടിൽ മോഷണം നടത്തിയത്.
സണ്ണിയുടെ മകൻ ടൂർ പോകാനായി ഒരുക്കിവച്ച ബാഗും 2500രൂപ അടങ്ങുന്ന പഴ്സുമാണ് അവിടെ നിന്നും മോഷ്ടിച്ചത്. ഫിലിപ്പ് എട്ടുകാട്ടിലിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണത്തിനുള്ള ശ്രമം നടത്തിയിരുന്നു. എങ്കിലും ഒന്നും നഷ്ടമായില്ല.
അരക്കിലോമീറ്റർ ചുറ്റളവിലാണ് ഈ നാലു വീടുകളിലും മോഷണം നടന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാർ വളരെ പരിഭ്രാന്തിയിലാണ്. ബിജുവിന്റെ വീട്ടിലെ മോഷണത്തെക്കുറിച്ചു പരാതി നൽകിയതിനെ തുടർന്നു ഗോന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനംപ്രതി മോഷണം പെരുകുന്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണവും നാട്ടുകാർക്കുണ്ട്.
2019 സെപ്റ്റംബർ 19നു അടിച്ചിറ ഗേറ്റിനുസമീപം ഒരു വീട്ടിൽ മോഷണം നടന്നിരുന്നു. രാത്രിയിൽ ജനലിന്റെ അഴി മുറിച്ചു നീക്കി വീട്ടിൽ കയറിയ മോഷ്ടാവ് സ്വർണവും പണവും അപഹരിച്ചു. ഗാന്ധിനഗർ പോലീസ് അന്ന് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. അതേ മോഷ്ടാക്കൾ തന്നെയാകാം ഇപ്പോൾ മോഷണം നടത്തുന്നതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ബിജുവിന്റെ വീട്ടിൽ മോഷണത്തിനുപയോഗിച്ച ഗോവണി അരക്കിലോമീറ്റർ അകലെയുള്ള മറ്റൊരു വീട്ടിൽനിന്നും എടുത്തുകൊണ്ടു വന്നതാണ്. വലിയ ഭാരമുള്ള ഗോവണി കൊണ്ടുവരാൻ ഒരാൾക്കു മാത്രം സാധിക്കില്ലെന്നും മോഷണം നടത്തിയിരിക്കുന്നത് രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാകാമെന്നും നാട്ടുകാർ ആരോപിച്ചു.
പ്രദേശത്തെപ്പറ്റിയും വീടുകളെപ്പറ്റിയും വ്യക്തമായ ധാരണയുള്ളവരാണു മോഷണത്തിനു പിന്നിലെന്നും രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ പറയുന്നു.