കുമരകം: കുമരകത്ത് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം. ഇന്നലെ രാത്രി പള്ളിച്ചിറയിലും ജെട്ടിയിലുമുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.
കുമരകം വടക്കുംഭാഗം എസ്എൻഡിപി ശാഖാ യോഗം 38-ാം നന്പർ ഗുരുക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയും പണവും ചങ്ങല പൊട്ടിച്ചാണ് മോഷ്ടിച്ചിരിക്കുന്നത്. അഞ്ച് അടി പൊക്കമുള്ള സ്റ്റീൽ കാണിക്കവഞ്ചി ഒരാൾക്ക് മാത്രമായി കൊണ്ടുപോകാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്നു പ്രതിഷ്ഠാ വാർഷിക ദിനാഘോഷ ഭാഗമായി പ്രഭാത പൂജയ്ക്കായി പുലർച്ചെ 4.30ന് ഭാരവാഹികൾ എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്. ഇരുന്പ് തൂണുമായി ചങ്ങലയ്ക്ക് ബന്ധിപ്പിച്ചിരുന്ന കാണിക്ക വഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ചാണ് വേർപ്പെടുത്തിയതെന്ന് ഭാരവാഹികൾ രാഷ്ട്രദീപികയോട് പറഞ്ഞു.
കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ട് മൂന്നു മാസം ആയെന്നും കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് എം.ജെ. അജയൻ അറിയിച്ചു.ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ്രോച്ചു റോഡിനു സമീപം സ്ഥാപിച്ചിരുന്ന കാണിക്ക മണ്ഡപത്തിന്റെ പൂട്ടാണ് ഇന്നലെ രാത്രി മോഷ്്ടാക്കൾ തകർത്തത്.
പണം അപഹരിക്കാൻ കഴിഞ്ഞില്ല. കോണ്ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരിക്കുന്ന കാണിക്ക മണ്ഡപം തകർത്ത് പണം അപഹരിക്കുക ഏറെ ബുദ്ധിമുട്ടാണ്. ഈ കാണിക്ക മണ്ഡപത്തിലെ പണം ഇന്നലെ ക്ഷേത്രം ഭാരവാഹികൾ തുറന്ന് എടുത്തതാണെന്ന് പ്രസിഡന്റ് വി.പി. അശോകൻ പറഞ്ഞു.
മോഷണ ശ്രമം നടന്ന രണ്ടു സ്ഥലങ്ങളിലും രാത്രിയിൽ വേണ്ടത്ര വെളിച്ചം ഉള്ളതാണ്. സമീപത്തെ സ്ഥാപനങ്ങളിലെ സിസി കാമറകൾ പരിശോധിക്കുമെന്നും സ്ഥലത്ത് എത്തിയ കുമരകം എസ്ഐ എസ്. സുരേഷും സംഘവും പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് കഴിഞ്ഞ ദിവസം ചന്തക്കവല ഉൾപ്പടെ ചില സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് സിസി ടിവി കാമറകൾ സ്ഥാപിച്ചിരുന്നു. പ്രധാനപ്പെട്ട മറ്റു പല പ്രദേശങ്ങളിലും സിസി ടിവി കാമറകൾ ഇല്ലാത്തതും വേണ്ടത്ര വഴിവിളക്കുകളില്ലാത്തതും മോഷണം നടക്കുന്നതിന് കാരണമാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.