കോട്ടയം: കുമാരനെല്ലൂർ മക്കാ മസ്ജിദിന്റെ നേർച്ചപ്പെട്ടി കുത്തിപൊളിച്ചു വീണ്ടും മോഷണം. കഴിഞ്ഞ 31നു രാത്രിയിൽ നടന്ന മോഷണ വിവരം പുറത്തറിയുന്നത് ഇന്നു രാവിലെയാണ്.
ഏതാനും നാളുകൾക്കു മുന്പും മക്കാ മസ്ജിദിൽ മോഷണം നടന്നിരുന്നു. പെരുന്നാൾ പ്രമാണിച്ചു പള്ളിയിലെ ഇമാം നാട്ടിലേക്കു പോയിരുന്നു. ഇന്നലെ രാത്രിയിലാണ് അദേഹം തിരിച്ചെത്തിയത്.
തുടർന്ന് ഇന്നു രാവിലെ നോക്കുന്പോഴാണ് നേർച്ചപ്പെട്ടിയുടെ താഴുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണു മോഷണം നടന്നതാണെന്ന് സ്ഥിരീകരിച്ചത്.
കുമാരനെല്ലൂർ മേൽപ്പാലത്തിനു താഴെയായിട്ടാണ് മക്കാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളിയോടും റോഡിനോടും ചേർന്നാണ് നേർച്ചപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന രണ്ടു സിസിടിവി കാമറകളിലും കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കന്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തുന്ന മോഷ്്ടാവ് താഴുകൾ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേർച്ചപ്പെട്ടിയിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടാവ് അപഹരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളായി കാണിക്കവഞ്ചി തുറന്ന് പണമെടുത്തിരുന്നില്ല.
മുന്പും ഇവിടെ മോഷ്്ടാവ് കയറി പണം അപഹരിച്ചിരുന്നു. അന്നും സിസിടിവി ദൃശ്യങ്ങൾ സഹിതം ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയിരുന്നു. പക്ഷേ മോഷ്്ടാവിനെ പിടികൂടിയില്ല.
തുടർച്ചയായി മസ്ജിദിൽ ഉണ്ടാകുന്ന മോഷണം പോലീസിന്റെ അനാസ്ഥ മൂലമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി കുമാരനെല്ലൂരിലും പരിസര പ്രദേശങ്ങളിലും മോഷ്്്ടാക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്.
രണ്ടാഴ്ച മുന്പും കുമാരനെല്ലൂരിലെ കടകളിൽ മോഷണശ്രമം നടന്നിരുന്നു. പോ ലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയ ർന്നു. തുടർച്ചയായി മക്കാ മസ്ജിദിൽ ഉണ്ടാകുന്ന മോഷണത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പള്ളി സെക്രട്ടറി ഷിമാൽ എ. റഷീദ് ജില്ലാ പോലീസ് ചീഫിനു പരാതി നല്കും.