ചങ്ങനാശേരി: കുറുന്പനാടത്ത് വീട്ടിൽനിന്ന് 30 പവൻ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കുറുന്പനാടം കൊച്ചുപുത്തൻപറന്പിൽ കെ.സി.അലക്സാണ്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. അലക്സാണ്ടറും ഭാര്യ ത്രേസ്യാമ്മയും ഇന്നലെ വൈകുന്നേരം സമീപത്തുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. എട്ടരയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് തൃക്കൊടിത്താനം പോലീസിൽ വിവരമറിയിച്ചു.
കോട്ടയം എസ്പി മുഹമ്മദ് റഫീഖിന്റെ മേൽനോട്ടത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വീടിന്റെ പിൻവാതിൽ തൂന്പാകൊണ്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേശപ്പുറത്ത് രണ്ടു ഡയറികളിലായി സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തോളം രൂപ മോഷണംപോയിട്ടില്ല.
വീട് കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച തൂന്പായും, കന്പിപ്പാരയും വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇന്നു രാവിലെ കോട്ടയത്തുനിന്നുള്ള വരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
സമീപവാസികളായ ഒൻപതുപേരെ ഇന്നലെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ആറുപേരിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായും തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് പറഞ്ഞു. കഞ്ചാവ് സൂക്ഷിച്ചതിന് ഇവരുടെ പേരിൽ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞു. ഇതിൽ മൂന്നുപേരെ കഞ്ചാവ് വിറ്റ കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നവരാണ്.