ആലുവ: കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിൽ വന്ന കൗമാരക്കാർ മൊബൈൽ ഫോൺ കവർന്ന് രക്ഷപ്പെട്ടതായി പരാതി. മുപ്പത്തടം പഞ്ചായത്ത് സ്റ്റോപ്പിൽ പുളിക്കപറമ്പ് നാസറിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
സൈക്കിളിൽ എത്തിയ രണ്ടു കുട്ടികൾ റോഡരികിലുള്ള വീട്ടിലേക്ക് കയറി വന്ന് ദാഹിക്കുന്നെന്നും വെള്ളം വേണമെന്നും പറഞ്ഞു. ഇത്തരത്തിൽ വഴിപോക്കർ എത്താറുള്ളതിനാൽ നാസറിന്റെ ഭാര്യ ഹാജിറ തണുത്ത വെള്ളവുമായി വന്നു. എന്നാൽ വെള്ളത്തിനു തണുപ്പു കൂടുതലാണെന്നും കുറച്ചു വെള്ളം കലർത്തി തരണമെന്നും ഇവർ ആവശ്യപ്പെട്ടതോടെ ഹാജിറ അടുക്കളയിലേക്ക് മടങ്ങിയ തക്കത്തിൽ മൊബൈൽ ഫോൺ മോഷ്ടിച്ചതായാണ് കരുതുന്നതെന്ന് നാസർ പറഞ്ഞു.
13 വയസ് തോന്നുന്ന പ്രായമാണ് ഇവർക്കുള്ളത്. 18,000 രൂപ വിലമതിക്കുന്ന ഓപ്പോ ബ്രാൻഡ് ഫോൺ ആണ് മോഷണം പോയത്. വീടിനോട് ചേർന്ന് മോട്ടോർ, ജനറേറ്റർ എന്നിവ വാടകയ്ക്കു നൽകിവരുന്ന നാസറിന്റെ ഇടപാടുകാരുടെയെല്ലാം ഫോൺ നന്പർ ഈ ഫോണിലാണുള്ളത്. ഫോണിന്റെ മറ്റു വിവരങ്ങൾ അടങ്ങിയ പരാതി നാസർ ബിനാനിപുരം പോലീസ് സ്റ്റേഷനിൽ എഴുതി നൽകി.