കണ്ണൂർ: സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കുട്ടികൾ ഇനി ചക്കരക്കൽ പോലീസിന്റെ നല്ലകുട്ടികൾ. സ്വന്തം വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും അത് വിറ്റ് ആഡംബരജീവിതം നയിക്കുകയും ചെയ്ത മൂന്നുകുട്ടികളെയാണ് വേറിട്ടരീതിയിൽ ശിക്ഷിക്കാൻ പോലീസുകാർ തീരുമാനിച്ചത്. ശിക്ഷയുടെ ആദ്യപടിയായി കുട്ടികൾക്ക് കൗൺസലിംഗ് നൽകി. കൂടാതെ പോലീസ് സ്റ്റേഷനിലെ മിനി തിയേറ്ററിൽ കുട്ടികൾക്കായി ലഘുസിനിമകളും പ്രദർശിപ്പിക്കും. പുസ്തകങ്ങൾ വായിക്കുന്ന ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ കൃതികളാണ് ഇവരെക്കൊണ്ടു വായിപ്പിക്കുന്നത്. കൂടാതെ ഞായറാഴ്ചകളിൽ പോലീസ് സ്റ്റേഷനുകളിൽ വന്ന് കൃഷിപ്പണികളിൽ സഹായിക്കാനും കുട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആഡംബരജീവിതം നയിക്കാൻ മൂന്നു കുട്ടികൾ ചേർന്ന് മോഷ്ടിച്ചത് 26 പവൻ സ്വർണമായിരുന്നു. ഇതിൽ 21 പവൻ അപഹരിച്ചത് സ്വന്തം വീട്ടിൽ നിന്നും. സംഭവം പുറത്തറിയുന്നത് ഒരു വർഷത്തിനു ശേഷം. ചക്കരക്കൽ പോലീസ് പരിധിയിൽ നടന്ന സംഭവം ഇങ്ങനെ: അഞ്ചരക്കണ്ടിക്കു സമീപത്തെ ശരാശരി സാമ്പത്തികശേഷിയുളള വീടുകളിലെ കുട്ടികളാണ് മൂവരും. ഇതിൽ ഒരാളുടെ വീട്ടിൽ നിന്നാണ് 21 പവൻ അപഹരിച്ചത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് പല ഘട്ടങ്ങളിലായി കൈക്കലാക്കിയത്.
കഴിഞ്ഞ ദിവസം അമ്മ അലമാര നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി മനസിലായത്. രഹസ്യ അന്വേഷണത്തിനിടെയാണ് മകനാണ് ഇതിന് പിന്നിലെന്നു വ്യക്തമായത്. തുടർന്ന് മകനെയും കൂട്ടി പിതാവ് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എസ്ഐ യുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതോടെയാണ് മറ്റു രണ്ട്പേരുടെ പങ്ക് കൂടി വ്യക്തമായത്. മറ്റൊരു വീട്ടിൽ നിന്നും അഞ്ച് പവൻ മോഷ്ടിച്ചതായും ഇവർ പറഞ്ഞു.
തുടക്കത്തിൽ നല്ല ഭക്ഷണം കഴിക്കുന്നത്തിനായിരുന്നു മോഷണം. പിന്നീട് കളി കാര്യമായി. ഒരാൾ 180,000 രൂപയുടെ ബുള്ളറ്റ്, മറ്റൊരാൾ 65000 രൂപയുടെ ബൈക്ക്, 45000 രൂപയുടെ ക്യാമറ തുടങ്ങിയവ വാങ്ങി. രാത്രി 11 നും 12 മണിക്കുമാണ് വീട്ടിലെത്തുക. കണ്ണൂരിൽ പോയി സെക്കൻഡ് ഷോ സിനിമ കണ്ടു ഏതെങ്കിലും ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാണ് തിരിച്ചു വരിക. വീട്ടുകാർ ഇതഗൗരവത്തിൽ കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. ചാലോടിലെ ഒരു ജ്വല്ലറിയിലാണ് സ്വർണം കൈമാറിയത്. 16000 മുതൽ 18000 രൂപ വരെയാണ് ജ്വല്ലറിയിൽ നിന്നും ഒരു പവന് ലഭിച്ചത്. ജ്വല്ലറി നടത്തിപ്പുകാരനും മൂന്നു വീട്ടുകാരും ചേർന്ന് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കിയതിനെ തുടർന്ന് കേസ് എടുക്കാതെ പ്രശ്നം പരിഹരിച്ചു.