തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ മോഷണങ്ങൾ പതിവെന്ന് വിദ്യാർഥിനികളുടെ പരാതി. വിദ്യാർഥികളുടെ റൂമിൽ സൂക്ഷിച്ച പന്ത്രണ്ടായിരത്തോളം രൂപയാണ് ഇന്നലെ മോഷണം പോയത്. ഇതിന് മുൻപും നിരവധി തവണ ഇത്തരത്തിൽ പണവും സ്വർണാഭരണങ്ങളും റൂമിൽ നിന്നും മോഷണം പോയിട്ടുണ്ടെന്നാണ് വിദ്യാർഥിനികൾ പറയുന്നത്.
വിദ്യാർഥിനികൾ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം വനിതകൾ താമസിക്കുന്ന സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരില്ല. സാമൂഹികവിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ ലേഡിസ് ഹോസ്റ്റലിലും ക്യാന്പസിലും സിസിടിവി സ്ഥാപിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല.
വിദ്യാർഥിനികൾക്ക് പണവും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ലേഡിസ് ഹോസ്റ്റലിലെ റൂമുകളിൽ ലോക്കറുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇത്തരം ആവശ്യങ്ങളൊന്നും തന്നെ ഇതു വരെയായിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല.അതിനാൽ വിദ്യാർഥിനികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്.