ചേർത്തല: ചേർത്തലയിലെ മാടയ്ക്കലിൽ മോഷണങ്ങൾ പതിവായതോടെ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മാടയ്ക്കലിൽ സഹോദരിയുടെ വീട്ടിലെ മോഷണത്തിന് പിന്നാലെ സഹോദരന്റെ വീട്ടിലും കഴിഞ്ഞദിവസം മോഷണശ്രമം നടന്നു. ചേർത്തല നഗരസഭ 35-ാം വാർഡ് മാടയ്ക്കൽ പുതിയാപറന്പിൽ തോമസ് ആന്റണിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
തോമസ് ആന്റണി കുടുംബസമേതം ഷാർജയിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ പ്രദേശത്തെ നിരവധി വീടുകളിലും മോഷ്ടാക്കൾ കയറിയിറങ്ങി. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. തോമസ് ആന്റണിയുടെ സഹോദരി ലിന്റാ തോമസിന്റെ വീട്ടിൽ നിന്ന് ഓഗസ്റ്റ് 19ന് മൂന്നരലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർന്നിരുന്നു.
ഭർത്താവ് രാജു ജോസഫിനോടൊപ്പം ലിന്റാ തോമസ് ഖത്തറിലായതിനാൽ ഈ വീടും അടച്ചിട്ടിരിക്കുകയായിരുന്നു. ചേർത്തല റെയിൽവെ സ്റ്റേഷൻ പഴുക്കാച്ചിറ റോഡരുകിലുള്ള ഈ വീടുകൾ തമ്മിൽ ഏതാണ്ട് 100 മീറ്റർ അകലമേയുള്ളു. തിങ്കളാഴ്ച രാവിലെ ആറോടെ തോമസ് ആന്റണിയുടെ വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്യാൻ സഹോദരൻ ജോണ് എത്തിയപ്പോൾ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തുറന്ന നിലയിലായിരുന്നു.
ജോണ് അകത്തു കയറി നോക്കിയപ്പോൾ ബെഡ്റൂമുകളുടെ അടക്കം എല്ലാ വാതിലുകളും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരകളും മറ്റും കുത്തിത്തുറന്ന് അതിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. കഴിഞ്ഞ 29നാണ് തോമസ് ആന്റണിയും കുടുംബവും നാട്ടിൽ വന്ന് മടങ്ങിയത്. സഹോദരിയുടെ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടന്നതിനാൽ തോമസ് ആന്റണിയും കുടുംബവും ആഭരണങ്ങളും മറ്റും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.