മട്ടന്നൂർ: ബസിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ച് യാത്രക്കാരികളുടെ സ്വർണമാല കവരുന്ന രണ്ടുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കൽ എസ്ഐ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചക്കരക്കൽ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്.
കഴിഞ്ഞദിവസം കാടാച്ചിറ-മൂന്നുപെരിയ റൂട്ടിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ മൂന്നുപെരിയയിലെ ചന്ദ്രികയുടെ സ്വർണമാല മോഷണം പോയിരുന്നു.
ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഓട്ടോയിൽനിന്നിറങ്ങി സാധനം വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സ്വർണമാല കാണാനില്ലെന്ന് അറിയുന്നത്.
തുടർന്നു ചന്ദ്രിക ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സ്ഥലത്തു പോയി തെരച്ചിൽ നടത്തിയപ്പോൾ മാലയിലുണ്ടായിരുന്ന ലോക്കറ്റ് ലഭിച്ചിരുന്നു.
ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ മാല പൊട്ടിച്ചതാകാമെന്നും ആ സമയത്ത് ലോക്കറ്റ് റോഡിൽ വീണതാകാമെന്നുമായിരുന്നു പോലീസ് നിഗമനം.
ചന്ദ്രികയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിടിയിലായവരെ തലശേരി കോടതിയിൽ ഹാജരാക്കി.
എസ്ഐമാരായ സുശീൽ കുമാർ, സജീവൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വ്യാപകമെന്ന് പോലീസ്
രണ്ടും മൂന്നും പേരായി തിരിഞ്ഞ് ബസുകളിലും ഓട്ടോയിലും സഞ്ചരിച്ച് സ്വർണമാല കവരുന്ന സംഘം ജില്ലയിൽ വ്യാപകമായതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ഇത്തരം കേസുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾ പിടിയിലായിരുന്നു.
ബസ് റൂട്ട് കുറവുള്ള സ്ഥലങ്ങളിൽ ഓട്ടോയിൽ സഞ്ചരിച്ച് ബസ്സ്റ്റോപ്പിലും മറ്റുമായി നിൽക്കുന്നവരെ ഓട്ടോയിൽ കയറ്റി സ്വർണമാല പൊട്ടിച്ചെടുക്കുകയും ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന വയോധികരെ നിരീക്ഷിച്ച് അവർ കയറുന്ന ബസിൽ കയറി മാല പൊട്ടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്.