കണ്ണൂർ: പ്രമുഖ വസ്ത്രാലയത്തിൽ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ മാനേജർക്കെതിരേ പോലീസ് കേസെടുത്തു. കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരമംഗലം സ്വദേശി പി.എസ്. മഹേഷിന് (36) എതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. അസിസ്റ്റന്റ് മാനേജർ പോളിന്റെ പരാതിയിലാണ് കേസ്.
വിഷുദിവസം വസ്ത്രാലയം അവധിയായിരുന്നു. ഈ സമയം രാവിലെ ഷോപ്പിന്റെ ഷട്ടർ തുറന്ന് അകത്തു കയറിയ മാനേജർ ഷെൽഫിൽ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലേദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടതെന്നും തുടർന്ന് പ്രതി ഒളിവിൽ പോയെന്നും അസിസ്റ്റന്റ് മാനേജരുടെ പരാതിയിലുണ്ട്.
വസ്ത്രാലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.