കോഴിക്കോട്: ഓഡിറ്റോറിയത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. മോഷ്ടാവിന്റേതെന്ന 90 ശതമാനവും ഉറപ്പിക്കാവുന്ന ഫോട്ടോ പോലീസിന്റെ കൈവശം ഉണ്ടെങ്കിലും വിവാഹ സത്ക്കാര ചടങ്ങിനിടയിൽ നടന്ന സംഭവമായതിനാൽ തന്നെ തുടർ നടപടികൾ സൂക്ഷിച്ചു മതി എന്നാണ് പോലീസ് തീരുമാനം.
രണ്ടുദിവസത്തിനകം പ്രതി വലയിലാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മോഷണം നടന്ന ദിവസം തന്നെ പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിരുന്നു.ഫോട്ടോയിൽ കാണുന്നയാളെ ആരും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കറുത്ത ഷർട്ടിട്ടയുവാവിന്റെ ഫോട്ടോയാണ് പോലീസ് പക്കലുള്ളത്.
പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം 8.45നായിരുന്നു സംഭവം. തങ്ങൾസ് റോഡിൽ താമസിക്കുന്ന പൊന്നന്പത്ത് ജിനാൻ എന്ന യുവതിയുടെ ആഭരണങ്ങളും പണവും ആണ് നഷ്ടപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ അവിടെ സൂക്ഷിക്കാതെ വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വിവാഹസത്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കാനായി മറ്റൊരു കസേരയിലേക്ക് മാറി ഇരുന്നപ്പോൾ അഞ്ജാതൻ ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.