കൊച്ചി: ഫോർട്ടുകൊച്ചിയിൽ കവർച്ചയ്ക്കിരയായ വിദേശ വനിതകൾ സ്വദേശത്തേക്കു മടങ്ങി. കൈയിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടെങ്കിലും പാസ്പോർട്ടും അവശ്യ രേഖകളും ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു സ്ലോവാക്യ സ്വദേശിനികളായ മാർത്തയും മറിയയും ഇന്നലെ വൈകുന്നേരമുള്ള വിമാനത്തിൽ തിരികെ മടങ്ങിയത്. വിദേശികളടക്കമുള്ളവർ നിരവധിയെത്തുന്ന ഫോർട്ടുകൊച്ചിയിൽ ശനിയാഴ്ച രാത്രിയാണ് സഞ്ചാരികളുടെ ഉറക്കം കെടുത്തുന്ന സംഭവമുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് മാർത്തയും മറിയയും ഫോർട്ടുകൊച്ചിയിലെത്തിയത്. പ്രദേശത്തെ ഹോംസ്റ്റേയിൽ തങ്ങിയ ഇരുവരും ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ചു കൊണ്ടു പോവുകയായിരുന്നു. രാത്രി ഒന്പതോടെ സാന്താക്രൂസ് മൈതാനത്തിനു സമീപത്തു വച്ചായിരുന്നു സംഭവം.
ബൈക്കിലെത്തിയവരിൽ ഒരാൾ കറുത്ത നിറത്തിലും ഒരാൾ വെളുത്ത നിറത്തിലുമുള്ള വേഷമാണ് ധരിച്ചതെന്നാണു മാർത്തയും മറിയയും പോലീസിനോടു പറഞ്ഞത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്നും ഇവർ പറയുന്നു.
സംഭവമറിഞ്ഞു ഫോർട്ടുകൊച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെ ഉപേക്ഷിച്ച നിലയിൽ സ്റ്റേഷനു സമീപത്തുനിന്നു ബാഗ് ലഭിക്കുകയായിരുന്നു. ബാഗിനുള്ളിൽനിന്നു പാസ്പോർട്ട് അടക്കമുള്ള രേഖകൾ തിരിച്ചു കിട്ടിയെങ്കിലും കാമറ, മൊബൈൽ ഫോണ്, മുന്നൂറു യൂറോ( ഏകദേശം 22,200 ഇന്ത്യൻ രൂപ), ആറായിരം രൂപ എന്നിവ നഷ്ടപ്പെട്ടു.
മൊഴികൾ ലഭിച്ചതിന്റെ സൂചനയിൽ രണ്ടു പേരെ പിടികൂടിയിരുന്നെങ്കിലും വനിതകൾക്കു തിരിച്ചറിയാൻ സാധിക്കാഞ്ഞതിനാൽ വിട്ടയ്ക്കുകയായിരുന്നു. നിനച്ചിരിക്കാതെ ഉണ്ടായ ആക്രമണത്തിന്റെ ഷോക്കിലായിരുന്നു മാർത്തയും മറിയയും നാട്ടിലേക്കു മടങ്ങിയത്. എന്തായാലും ജീവനും പാസ്പോർട്ടും കിട്ടിയല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു അവർക്ക്.