കാട്ടാക്കട : മൽസ്യം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാവ് മൽസ്യ വിൽപനകാരിയെ തള്ളി താഴെയിട്ടു പണവുമായി കടന്നു. വിഴിഞ്ഞം മുല്ലൂർ സ്വദേശിനി നിർമല(45)യുടെ പണമാണു നഷ്ടമായത്. ജംക്ഷനു സമീപം കഴിഞ്ഞ നാലു വർഷമായി ഇവർ മൽസ്യ വിൽപന നടത്തുന്നു.
ഇന്നലെ വൈകിട്ട് ബൈക്കിലെത്തിയ യുവാവ് മൽസ്യം വാങ്ങി. അഞ്ഞൂറ് രൂപ നൽകി. ചില്ലറ നൽകാൻ പണം സൂക്ഷിച്ച തുണിസഞ്ചി തപ്പുന്നതിനിടെ നിർമലയെ തള്ളിയിട്ടു പണമടങ്ങിയ തുണി സഞ്ചിയുമായി ബൈക്കിൽ കടക്കുകയായിരുന്നു. ആറായിരത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവാണു പണം തട്ടി കടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.