മേലുകാവ്: മേലുകാവ് സെന്റ് തോമസ് പള്ളിയിൽ മോഷണം. കരിങ്കല്ല് ഉപയോഗിച്ച് ഇടിച്ച് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് നേർച്ചക്കുറ്റികൾ ഇവിടെനിന്ന് എടുത്ത് നിർമാണത്തിലിരിക്കുന്ന പാരിഷ് ഹാളിനോടു ചേർന്നുള്ള ഷെഡിൽ എത്തിച്ച് തകർത്താണ് പണം അപഹരിച്ചത്.
നേർച്ചക്കുറി തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലും ഇരുന്പുദണ്ഡും സമീപത്തുതന്നെ ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്.
പള്ളിയുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച കരിങ്കല്ലുകളും വാതിലിന് സമീപത്തായി കിടപ്പുണ്ടായിരുന്നു.
മേലുകാവ് ടൗൺ പോലീസ് സ്റ്റേഷനിൽനിന്നു 100 മീറ്ററിനുള്ളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ എത്തിയ ദേവാലയ ശുശ്രൂഷിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്.
തുടർന്ന് പള്ളി അധികൃതർ പോലീസിലറിയിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നാണ് പോലിസിന്റെ നിഗമനം.
വിരലടയാള വിദഗ്ധരും സയന്റിഫിക് പരിശോധകരും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് പള്ളിയിൽനിന്ന് ഓടി ഷെഡിലെത്തിയ ശേഷം നിർമാണത്തിലിരിക്കുന്ന പാരീഷ് ഹാളിനുള്ളിലൂടെ കയറി സമീപത്തെ റോഡിലൂടെ ഓടി കാട്ടുപള്ളകൾ നിറഞ്ഞ സ്ഥലത്തെത്തി നിന്നു.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ജയിൽമോചിതരായ പ്രതികളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പാലാ എഎസ്പി നിധിൻ രാജ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് വികാരി ഫാ. ജോർജ് കാരാംവേലിൽ ആവശ്യപ്പെട്ടു.