കോട്ടയം: നീലിമംഗലത്ത് അലങ്കാര മത്സ്യവില്പന സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കിട്ടു അബോധാവസ്ഥയിലാക്കി 12 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല. അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. ആദ്യം സംഭവം ശരിയാണോ എന്നു സംശയിച്ച പോലീസ് പിന്നീട് തിരുത്തിയെങ്കിലും ഇതുവരെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ 23ന് ഉച്ചകഴിഞ്ഞു 1.30നു എംസി റോഡിൽ നീലിമംഗലം പാലത്തിനു സമീപമുള്ള ടിൻസ് അക്വേറിയത്തിലെ ജീവനക്കാരി ആർപ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്റെ ഭാര്യ ഉഷ(52)യേയാണ് അബോധാവസ്ഥയിലാക്കി ആഭരണം കവർന്നത്. ഉഷയുടെ 12 പവൻ സ്വർണാഭരണങ്ങളാണു മോഷ്്ടാവ് കവർന്നത്. കടയിൽ സ്ഥിരമായി എത്തുന്ന തടിച്ച ശരീര പ്രകൃതിയുള്ള ആളാണു തന്റെ കഴുത്തിൽ കുരുക്കിട്ടശേഷം സ്വർണാഭരണങ്ങൾ മോഷ്്ടിച്ചതെന്നാണു ഉഷ പോലീസിനു നല്കിയ മൊഴി.
വിൽപ്പനയ്ക്കുള്ള മീൻതീറ്റ കൂടുകളിൽ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു ഉഷ. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് ഉഷ പറഞ്ഞ രീതിയിൽ ഒരാൾ സ്കൂട്ടറിൽ കയറി പോകുന്നത് സ്ഥിരീകരിച്ചു. എന്നാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നീല ഷർട്ടും, കറുത്ത പാന്റും ധരിച്ചു കടയിലെത്തിയ യുവാവ് അലങ്കാര പക്ഷികൾക്കുള്ള തീറ്റ വേണമെന്നാവശ്യപ്പെട്ടശേഷം ഉഷയുടെ കഴുത്തിൽ കയറിട്ടു കുരുക്കി ബോധംകെടുത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.
15 മിനിറ്റിനു ശേഷം ബോധം വീണപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്ന് ഉഷയറിഞ്ഞത്.അബോധാവസ്ഥയിലായിരുന്ന ഉഷ ബോധം വീണപ്പോൾ കടയുടമ അടിച്ചിറ സ്വദേശി നിസാറിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. നിസാർ എത്തിയ ശേഷം ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേർന്നാണ് ഉഷയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കഴുത്തിലും വലതു കൈത്തണ്ടയിലും നേരിയ പാടുകൾ മാത്രമാണുണ്ടായിരുന്നത്. മറ്റ് പരിക്കുകളൊന്നുമില്ല. ഇയാൾ നിരവധി തവണ കടയിൽ വന്നിട്ടുണ്ടെന്ന് ഉഷ മൊഴി നൽകിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും കടയിൽ സ്ഥിരമായി വരുന്നവരെക്കുറിച്ചും അന്വേഷണം നടത്തിയെങ്കിലും വിഫലമായി. കടയിലെ സാഹചര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണു കവർച്ച നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം.