നെടുങ്കണ്ടം: പിടിക്കപ്പെടാതിരിക്കാൻ മുക്കുപണ്ടം വച്ച് 23 പവൻ സ്വർണം അടിച്ചു മാറ്റിയ കേസിൽ പോലീസ് പിടിയിലായത് കുട്ടിക്കള്ളൻമാർ. ബാലഗ്രാമിന് സമീപം വീട്ടിൽ നിന്നും വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്ന കേസിലാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിലായത്.
ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. വീടുമായി അടുപ്പമുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരായ വിദ്യാർഥികളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
പാലമൂട്ടിൽ പി.കെ റെജിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം കഴിഞ്ഞ ദിവസം മോഷണം പോയത്. വീട്ടിലെ പ്രധാന കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർമാഭരണങ്ങളാണ് മോഷണം പോയത്.
മാല പണയം വയ്ക്കുന്നതിനായി വ്യാഴാഴ്ച അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നറിയുന്നത്. മോഷണം പുറത്തറിയാതിരിക്കാനാണ് റോൾഡ് ഗോൾഡിന്റെ മൂന്ന് വളകൾ അലമാരിയിലെ ബാഗിൽ നിക്ഷേപിച്ചത്.
മോഷ്ടിച്ച സ്വർണം വിവിധയിടങ്ങളിൽ പണയം വച്ചതായാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മോഷ്ടിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.