അന്തിക്കാട്: ഇതരസംസ്ഥാനത്ത് നിന്നുള്ള ചെറു കള്ളന്മാർ ഉൾറോഡുകളിലെ പൊന്തക്കാടുകൾ മോഷണ വസ്തുക്കൾ ഒളിപ്പിക്കാനുള്ള താവളമാക്കി മാറ്റിയെന്നു പൊലിസ്. സൈക്കിളുകളുൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന ഇവർ റോഡരുകിലെ പൊന്തക്കാടുകളിലും മറ്റും ഇത് ആളുകൾ കാണും വിധം ഒളിപ്പിക്കുകയും ദിവസങ്ങൾ കഴിഞ്ഞ് അന്വേഷകരോ, ആവശ്യക്കാരോ പരാതിക്കാരോ ഇല്ലെന്നു നിരീക്ഷണത്തിലൂടെ ഉറപ്പ് വരുത്തിയ ശേഷം തൊണ്ടിമുതൽ എടുത്തു വിൽക്കുന്ന രീതിയാണ് ഇവർ മോഷണത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.കെ. മേനോൻ ഷെഡ് പരിസരത്ത് ഇത്തരത്തിൽ ഒരു സൈക്കിൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതിനേത്തുടർന്ന് പോലീസ് സൈക്കിൾ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുന്പേ സൈക്കിൾ നഷ്ടമായെന്ന പരാതിയുമായി എത്തിയ വിദ്യാർഥി പൊലിസിന്റെ കസ്റ്റഡിയിലുള്ള സൈക്കിൾ തന്റേതാണെന്നു തിരിച്ചറിയുകയും സൈക്കിളുമായി മടങ്ങുകയും ചെയ്തുവെന്ന് എസ്ഐ എസ്.ആർ. സനീഷ് പറഞ്ഞു.
ഇത്തരത്തിൽ സംശയകരമായ സാഹചര്യത്തിൽ അന്തിക്കാട് കല്ലിട വഴിയിൽ പൊന്തക്കാട്ടിൽ ഒരു സൈക്കിൾ ഏതാനും ദിവസമായി കണ്ടു വരുന്നതായി നാട്ടുകാർ പറഞ്ഞു.