തൃശൂർ: ഓണം അവധിക്കാലം ആധിയാവരുതെന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റിപോലീസ്. നീണ്ട അവധിദിനങ്ങളിൽ വീടുപൂട്ടി വിനോദയാത്ര പോകുന്നവരെയും മറ്റും ബോധവത്കരിക്കാനാണ് അവധി ആധിയാവരുതെന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓണക്കാല മോഷ്ടാക്കൾക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
നീണ്ട അവധിയുള്ള ഇത്തവണത്തെ ഓണക്കാലത്ത് നാടും നഗരവും അവധിക്കാല ആഘോഷ തിമിർപ്പിൽ മുഴുകുന്പോൾ അടച്ചിട്ട ഓഫീസുകൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ ലാക്കാക്കി മോഷ്ടാക്കൾ ഇറങ്ങുമെന്ന് പോലീസ് ഓർമപ്പെടുത്തുന്നു..ശ്രദ്ധ നഷ്ടമാകുന്പോൾ പഴുതിലൂടെ മോഷ്ടാക്കൾ ആ അവസരം ഉപയോഗപ്പെടുത്തുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
മോഷണം തടയാൻ പോലീസ് നൽകുന്ന മുന്നറിയിപ്പുകൾസ്ഥാപനങ്ങളിലും ഫൽറ്റുകളിലും സെക്യൂരിറ്റി ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കണം. സിസി ടിവി സൗകര്യം ഉപയോഗപ്പെടുത്തണം. അവ പ്രവർത്തന ക്ഷമമാണെന്നും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രാത്രികളിൽ ക്യാമറകൾ റെക്കോർഡ് മോഡിലല്ലേ എന്ന് ശ്രദ്ധിക്കണം.
വാതിലുകളും ഷട്ടറുകളും ബലപ്പെടുത്തി നല്ല പൂട്ടിട്ട് പൂട്ടണം. വീടുകൾ അടച്ചിട്ട് ദുരെദിക്കുകളിലേക്ക് യാത്ര പോകുന്നവർ അടുത്ത വീട്ടുകാരേയും പോലീസിനേയും യാത്രയുടെ വിവരങ്ങളും പോകുന്ന കാര്യവും അറിയിക്കണം. സംശയാസ്പദമായ സാഹചര്യങ്ങളുടെ വിവരം 112 എന്ന ഫോണ്നന്പറിൽ വിളിച്ച് പോലീസിന് കൈമാറണം. ഓണം ഷോപ്പിംഗിന് തിരക്കുള്ള നഗരത്തിലേക്ക് വരുന്നവർ വിലപിടിപ്പുള്ള സ്വർണമാലകളും മറ്റും ധരിക്കരുത്. കയ്യിലെ പണം, ബാഗ്, മൊബൈൽ ഫോണുകൾ എന്നിവ സൂക്ഷിക്കുക.