മുട്ടം: ബസ് യാത്രയ്ക്കിടെ യുവതിയുടെ ഒരു ലക്ഷം രൂപ കവർന്നതായി പരാതി. കോളപ്ര പാങ്കരയിൽ രമ്യയുടെ പണമാണ് മോഷണം പോയത്. എൽഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ.
ശനിയാഴ്ച ഫ്രണ്ട് ഓഫീസിൽ ലഭിച്ച പണമാണ് നഷ്ടമായതെന്ന് രമ്യ പറയുന്നു. ശനിയാഴ്ച എൽഐസി ഓഫീസ് അവധിയായതിനാൽ ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിൽ അടയ്ക്കുന്നത്.
ഇന്നലെ തൊടുപുഴയിലെ ഇൻഷ്വറൻസ് ഓഫീസിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് ഇന്നലെ രാവിലെ ഒൻപതോടെ മോഷണം പോയത്. തൊടുപുഴയിൽ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. മുട്ടം ഭാഗത്ത് വച്ചാണ് പണം നഷ്ടമായതെന്നാണ് നിഗമനം.
രമ്യ പരാതി നൽകിയതിനെത്തുടർന്ന് മുട്ടം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി.
ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുട്ടത്തുനിന്നും ഇവർ ഓട്ടോയിൽ ഈരാറ്റുപേട്ട വരെ പോയതായി വ്യക്തമായി. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു.