ഒറ്റപ്പാലം: നഗരസഭാ ഓഫീസിൽ തസ്കരശല്യം രൂക്ഷമായതോടെ കാമറ സ്ഥാപിക്കുമെന്ന് ചെയർമാൻ. നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വിലകൂടിയ വസ്തുക്കളും പണവും കളവുപോകുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
മാസങ്ങൾക്കിടെ കൗണ്സിലറുടേതടക്കം അരലക്ഷത്തിനു മുകളിൽ രൂപയാണ് പലരിൽനിന്നും നഷ്ടമായത്. ഏറ്റവും അവസാനം നഗരസഭാ ഓഫീസിൽ എത്തിയ തോട്ടക്കര സ്വദേശിയുടെ ആയിരം രൂപയാണ് മോഷണംപോയത്. ഭർത്താവിനൊപ്പം എത്തിയ യുവതിയുടെ ബാഗിലെ പണമാണ് കവർന്നത്.
ചാവക്കാട്ടുനിന്നും വിവാഹ സാക്ഷ്യപത്രം തയാറാക്കാനാണ് ഇവർ കഴിഞ്ഞദിവസം എത്തിയത്. നഗരസഭാ ഓഫീസിന്റെ പുറത്തെ മേശയിൽ ബാഗ് മറന്നുവച്ച് യുവതി വീട്ടിലേക്കുപോയി. തിരിച്ചുവന്ന് നോക്കിയപ്പോൾ ഓഫീസ് ഹാളിലെ കന്പ്യൂട്ടറുകൾക്കു സമീപം വച്ച് ബാഗ് കിട്ടി. പരിശോധിച്ചപ്പോഴാണ് ആശുപത്രി ആവശ്യത്തിനു കരുതിയ പതിനായിരം രൂപ കവർന്ന വിവരം ശ്രദ്ധയിൽപെട്ടത്.
ബാഗിലുണ്ടായിരുന്ന പാസ്പോർട്ട് ഉൾപ്പെടെയുള്ള മറ്റു സാധനങ്ങളൊന്നും നഷ്ടമായിരുന്നില്ല. മുന്‍പ് നഗരസഭയിലെ രണ്ട് സ്ഥിരംസമിതി അധ്യക്ഷ·ാരുടെ 30,000 രൂപയും ഒരു കൗണ്‍സിലറുടെ 10,000 രൂപയും മോഷണം പോയിരുന്നു. ഒരു സന്ദർശകന്റെ 15,000 രൂപ ബാഗിൽനിന്നും കവർന്നിരുന്നു. നഗരസഭയ്ക്ക് അകത്തുതന്നെ മോഷണം നടക്കുന്നുവെന്നുള്ളതിനാൽ അധികൃതർ പോലീസിൽ പരാതി നല്‍കാതിരിക്കുകയായിരുന്നു.
മോഷണം ആവർത്തിക്കപ്പെട്ടതോടെ കൗണ്‍സിലർമാർ ചെയർമാനു രേഖാമൂലം പരാതി നല്‍കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇുസംബന്ധിച്ച് ഒരുനടപടിയും ഉണ്ടായില്ല. മോഷണം നടന്ന കാര്യം അറിഞ്ഞതായും ഉടനേ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി വ്യക്തമാക്കി.