പായിപ്പാട്: പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽ നിന്നും 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാക്കൾ നിരീക്ഷണത്തിൽ.
മോഷണം നടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ ഈ കേസിൽ മുന്നോട്ടു നീങ്ങുന്നത്. 20നു പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യം പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. കേസന്വേഷണം പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെൽഫിലും ബാഗുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്.
മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് മോഷ്ടാവ് ഉപേക്ഷിച്ചിരുന്നു.ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ചങ്ങനാശേരിയിലെ വെള്ളിയാഭരണക്കടകളിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന മോഷണവും കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ വീട്ടിൽ നിന്നും 17 പവൻ കവർച്ച ചെയ്ത സംഭവങ്ങൾക്കും പായിപ്പാട് കേസിലെ പ്രതികളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.