വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത മുടപ്പല്ലൂർ ഇറക്കത്തിൽ കരിപ്പാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും സ്കൂട്ടറും കവർന്ന സംഭവത്തിൽ കേസന്വേഷണം എവിടെയുമെത്തിയില്ല.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചക്ക് പിന്നിലുണ്ടെന്ന നിഗമനവും അന്വേഷണ പുരോഗതി ഉണ്ടാക്കിയിട്ടില്ല.
വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരാഴ്ച മുന്പായിരുന്നു പൂട്ടി കിടന്നിരുന്ന റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ കുഞ്ചുവിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്. പത്ത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ, 75,000 രൂപ വില മതിക്കുന്ന ഡയമണ്ട് മാല, നാല് വർഷം പഴക്കമുള്ള സ്കൂട്ടർ, മൂന്ന് നിലവിളക്കുകൾ, പട്ടുസാരി, മറ്റു പുതിയ തുണികൾ തുടങ്ങിയവയാണ് കവർന്നത്.
സ്കൂട്ടറിന്റെ ഒറിജിനൽ രേഖകളും അലമാരയിൽ നിന്നും മോഷ്ടിച്ചു.പത്തിന് രാവിലെയാണ് കുഞ്ചുവും കുടുംബവും വീട് പൂട്ടി കാസർഗോഡുള്ള സുഹൃത്തിന്റെ വീട്ടിൽ പോയത്. പതിനൊന്നിന് വളർത്തു പൂച്ചക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ അയൽവാസിയാണ് വീട് കുത്തി പൊളിച്ചത് കണ്ട് വിവരം വീട്ടുകാരെ അറിയിച്ചത്.
വീടിനു മുന്നിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്കും കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കൊല്ലംങ്കോടു നിന്നും മോഷ്ടിച്ചതാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലങ്കോട്ടെ ഒരു ബാങ്ക് ജീവനക്കാരന്റെതായിരുന്നു ബൈക്ക്.
പെട്രോൾ ഇല്ലാതിരുന്ന സ്കൂട്ടറിൽ, ബൈക്കിലെ പെട്രോൾ ഒഴിച്ചാണ് സ്കൂട്ടർ കൊണ്ട് പോയത്. മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്. യാത്ര പോയ തങ്ങൾ രാത്രി എത്തില്ലെന്ന് ഉറപ്പാക്കി കൊണ്ടുള്ള കവർച്ചയാണ് നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്.