അയ്മനം: അയ്മനത്തെ മോഷണപരന്പരയിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും സെന്റ് മേരിസ് ചാപ്പൽ, പരിപ്പ് കള്ള് ഷാപ്പ് എന്നിവിവിടങ്ങളിലാണ് കള്ളൻ കയറിയത്.
പ്രദേശത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ പരിപ്പ് ഗുരുമന്ദരിത്തിൽ മൂന്നാം തവണയും അലക്കുകടവ് ഗുരുമന്ദിരത്തിൽ രണ്ടാം തവണയുമാണ് മോഷണം നടക്കുന്നത്.
അലക്കുടവ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.ഇന്നലെ പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണ പരന്പര അരങ്ങേറിയത്.
പരിപ്പ് ക്ഷേത്രത്തിലെ സിസി ടിവിയിയിലാണ് മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്. ഹെൻട്രി ബേക്കർ ഹാൾ, അലക്കുകടവ് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഉൗരി മാറ്റിയ നിലയിലായിരുന്നു.
ഷാപ്പിൽ കയറി കള്ളൻ കള്ളു കുടിക്കുകയും പണപ്പെട്ടിയിൽനിന്നും പണമെടുക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പ്രദേശത്തെക്കുറിച്ചും ഗുരുമന്ദിരങ്ങളെക്കുറിച്ചും നന്നായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നില്ലെന്നാണ് പോലീസിന്റെ നിഗമനം.