ചെമ്മാപ്പിള്ളി: പൂട്ടിയിട്ട വീട് കുത്തിതുറന്ന് ഏഴു പവൻ കവർന്നു സംഭവത്തിൽ വിരലടയാള വിദഗ്ദർ ഇന്ന് രാവിലെയെത്തി പരിശോധന നടത്തി. ചെമ്മാപ്പിള്ളി കൊടപ്പുള്ളി വീട്ടിൽ ഇന്ദു വത്സന്റെ വീട്ടിൽ നിന്നാണ് ഇന്നലെസ്വർണം കവർന്നത്. എട്ടു ജോഡി കമ്മലും, ഒരു സ്വർണ മാലയുമാണ് നഷ്ടപ്പെട്ടത്. തൃപ്രയാറിൽ സ്ഥാപനം നടത്തുന്ന ഇന്ദുവത്സനും, സർക്കാർ ജീവനക്കാരിയായ ഭാര്യയും രാവിലെ വീടു പൂട്ടി പോയതായിരുന്നു.
ഇന്നലെവൈകീട്ട് അഞ്ചിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിനു പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്തെ അലമാരി കുത്തിതുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വിവരമറിഞ്ഞ് അന്തിക്കാട് എസ്. ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.