പയ്യന്നൂര്‍:വെള്ളൂരില്‍ ഷട്ടര്‍ തകര്‍ത്ത് കടയില്‍ മോഷണം. വെള്ളൂര്‍ സ്കൂള്‍ ജംഗ്ഷനിലെ ശ്രീ കുണ്ടത്തില്‍ കൊയ്യന്‍ തറവാട് ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന കുണ്ടത്തില്‍ രാമകൃഷ്ണന്റെ ദി ബ്രോവൈന് ക്ലബ് ബേക്കറി ആൻഡ് കൂള്ബാറിലാണ് മോഷണം നടന്നത്.
ഇന്നു രാവിലെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. മുന്‍ഭാഗത്തെ ഷട്ടര്‍ പൂട്ടുകള്‍ തുറക്കാതെതന്നെ മധ്യഭാഗം ഉയര്‍ത്തിയ നിലയിലാണ്.വാഹനത്തില്‍ കെട്ടിവലിച്ചാണ് ഇങ്ങനെ ഉയര്‍ത്തിയതെന്നാണ് സംഭവ സ്ഥലത്തെത്തിയ പോലീസിന്റെ പ്രാഥമിക നിഗമനം.മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന അയിരം രൂപയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.രണ്ട് പത്ത് രൂപയുടെ നാണയങ്ങള്‍ പുറത്ത് കിടക്കുന്നുണ്ടായിരുന്നു.
കടയുടെ മുകളിലും താഴെയുമായി രണ്ട് നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് വെക്കുന്ന ഡിവിആര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി.വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു.രാമകൃഷ്ണന്റെ വെള്ളൂര്‍ ദേശീയപാതയ്ക്കരികില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനത്തില്‍ രണ്ടുപ്രാവശ്യം മോഷണം നടന്നിരുന്നു.
ദേശീയപാതയുടെ സ്ഥലമെടുപ്പില്‍ ഈ കെട്ടിടം നഷ്ടമായതോടെയാണ് ഇദ്ദേഹം തറവാട്ടുവക കെട്ടിടത്തില്‍ വാടക വ്യവസ്ഥയില്‍ പുതിയ സ്ഥാപനം ആരംഭിച്ചത്.ഈ മാസം നാലിന് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിലാണ് വീണ്ടും വിദഗ്ദമായ മോഷണം നടന്നത്.