പയ്യന്നൂർ: കുഞ്ഞിമംഗലത്ത് പട്ടാപ്പകൽ മുഖത്ത് സ്പ്രേയടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവർന്നു.
കുഞ്ഞിമംഗലം തലായിമുക്കിൽ വസ്ത്രവ്യാപാരം നടത്തുന്ന മുട്ടം വെങ്ങര സ്വദേശിനി വി.കെ. സൗമ്യയുടെ സ്ഥാപനത്തിൽ കയറിയ മോഷ്ടാവാണു സൗമ്യയുടെ മുഖത്ത് സ്പ്രേയടിച്ച് കവർച്ച നടത്തി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തലായിമുക്ക് -ഏഴിലോട് റോഡിൽ പ്രവർത്തിക്കുന്ന സഞ്ജന ഗാർമെന്റ്സിലാണ് സൈക്കിളിലെത്തിയയാൾ കവർച്ച നടത്തിയത്.
സംഭവസമയത്ത് കടയിൽ സൗമ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗമ്യയുടെ രണ്ടേകാൽ പവന്റെ മാലയും കൈയിലുണ്ടായിരുന്ന വളയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയുമാണു കവർന്നത്.
യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടാക്കിയാണ് മോഷ്ടാവ് കവർച്ച നടത്തിയത്. അതേസമയം, സ്വർണമാണെന്ന് കരുതി തിരൂർ പൊന്നിന്റെ വളയാണ് മോഷ്ടാവ് കൊണ്ടുപോയത്.
വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൈക്കിളിലെത്തിയ മോഷ്ടാവിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.