പയ്യന്നൂര്‍: നിരവധി കവര്‍ച്ചകള്‍ അരങ്ങേറിയ പയ്യന്നൂരില്‍ വീണ്ടും കവര്‍ച്ച. പയ്യന്നൂര്‍ നഗര ഹൃദയത്തിലെ മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. പണവും മൊബൈലുകളുമുള്പ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.
രാവിലെയെത്തിയ സമീപത്തെ വ്യാപാരികളാണ് അല്പം തുറന്നു കിടന്ന ഷട്ടര്‍ കണ്ട് ഉടമയെ വിവരമറിയിച്ചത്. ഉടമയെത്തുമ്പോള്‍ ഷോപ്പിനുള്ളില്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ശ്രീനിവാസന് പറയുന്നു.
നാലുലക്ഷത്തോളം രൂപയുടെ വിവിധയിനം മൊബൈലുകളാണ് ഷോപ്പിലുണ്ടായിരുന്നത്. പലതിന്റെയും കൂടുകള്‍ നിലത്ത് കിടപ്പുണ്ട്. വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്.
അതിനാല്‍ എത്ര മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നതിന്റെ കണക്കുകളെടുക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പിലും സമീപത്തെ സ്ഥാപനങ്ങളിലും നിരീക്ഷണ കാമറകളുള്ളതിനാല് ഇതില്‍നിന്നും മോഷ്ടാവിനെ കണ്ടത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്.