പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരഹൃദയത്തിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ അന്വേഷണം സംഘം തിരിച്ചറിഞ്ഞു.
നിരവധി മോഷണ കേസുകളിലെ പ്രതിയും കര്‍ണാടക സ്വദേശിയും ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവായ യുവാവാണ് കവർച്ച നടത്തിയതെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ 18ന് രാവിലെയാണ് പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചായിരുന്നു കവര്‍ച്ച. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവർന്നു.
സംഭവസ്ഥലത്തെ നിരീക്ഷണക്കാമറയില്നിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ വിരലടയാളവും ലഭിച്ചു.
ഇവയുടെ സൂക്ഷമ പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചത്. വലിയ ബാഗുമായാണ് ഇയാള്‍ മോഷണത്തിനെത്തിയത്. രാത്രി ഒന്‍പതര മുതല്‍ ഇയാള്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്നതായി നിരീക്ഷണക്കാമറ ദൃശ്യങ്ങളിലുണ്ട്.
തലയില്‍ തുണിയിട്ട് അരമണിക്കൂറോളമെടുത്താണ് ഷട്ടറിന്റെ പൂട്ടുകള്‍ അറുത്ത് മാറ്റിയത്. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന പണം വിവിധ പോക്കറ്റുകളിലായി തിരുകിയശേഷം കൊണ്ടുവന്ന ബാഗില്‍ മൊബൈല്‍ ഫോണുകള്‍ നിറക്കുകയായിരുന്നു.
ഇതിനിടയില്‍ ബാഗിന്റെ സിബുള്പ്പെടെ പൊട്ടിയതോടെ മൊബൈല്‍ ഫോണുകള്‍ താഴെ ചെരിഞ്ഞിട്ടശേഷം കടന്നുകളയുകയായിരുന്നു. മോഷ്ടാവ് കൊണ്ടുവന്ന ബാഗ് ചതിച്ചതിനാലാണ് മൊബൈല്‍ ഷോപ്പുടമയ്ക്ക് കൂടുതല്‍ നഷ്ടങ്ങളൊഴിവായതെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.