പയ്യന്നൂർ: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ ചെക്കിന്റകത്ത് സുഹ്റയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഇന്നുരാവിലെ 6.15 ഓടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് ഇന്നലെ അടച്ചുപൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതാണെന്നു മനസിലായത്.അകത്തെ രണ്ടു മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ അയല്‍വാസിയായ അഡ്വ. വിനീഷിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണു നാട്ടുകാര്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്.സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്.
അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയില്‍ കവര്‍ച്ച നടന്നത്.അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മുന്‍ വാതില്‍ കുത്തിത്തുറക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
മോഷണം നടന്ന അടുത്ത മുറിയില്‍നിന്ന് ഒരു വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്.അലമാരകളില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും മറ്റു രേഖകളും വീട്ടുപറമ്പില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.