പിറവം: പാഴൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും കവർന്ന സംഭവത്തിൽ പിറവം മേഖലയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ഇവിടെയടുത്തുള്ള കോളനിയിൽ താമസിക്കുന്ന സംഘം സമാനമായ രീതിയിൽ ഇതിനു മുന്പും മോഷണം നടത്തിയിട്ടുണ്ടെന്നുള്ളതാണ് ഇവരെ സംശയിക്കുന്നതിന് കാരണമാകുന്നത്.
കോളനിയിലെ മോഷണ സംഘത്തിൽ പ്രായപൂർത്തിയാകാത്തവർ പോലും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയിടെ വീടിന് മുന്നിൽ അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നതിനിടെ പെണ്കുട്ടിയുടെ മാല പൊട്ടിച്ചുകൊണ്ടോടിയ സംഭവമുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ചെന്നെത്തിയത് കോളനിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത യുവാവിലായിരുന്നു. ഈ സംഘം പിറവത്തുള്ള ചില വീടുകളിലും ഇതിന് മുന്പ് മോഷണം നടത്തിയിട്ടുണ്ട്.
സംഘത്തിലുള്ള ചിലർ മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ പോലീസ് ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഈ സംഘത്തിലെ ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേവിപ്പടി ജംഗ്ഷന് സമീപം പാഴൂർ ആറ്റുതിരം റോഡിൽ താമസിക്കുന്ന പെരുനിലത്തിൽജേക്കബിന്റെ വീട് കുത്തിത്തുറന്നാണ് പതിനെട്ടര പവൻ സ്വർണാഭരണങ്ങളും, വിദേശ കറൻസിയും കവർന്നത്. ഉടമസ്ഥൻ വീട് പൂട്ടി പോകുന്നത് മനസിലാക്കി ഉടനെ തന്നെ മോഷണം നടത്തുകയായിരുന്നു.
അടുക്കളവാതിൽ കുത്തിത്തുറന്ന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ കിടപ്പുമുറിയുടെ വാതിലും പൊളിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും, മൂവായിരം റിയാലും, ആയിരം ദിർഹവും മോഷ്ടിച്ച് കടന്നുകളഞ്ഞു. ഒരു ഡിവിഡി പ്ലെയറും കാണാതായിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ജേക്കബും ഭാര്യ ജെസിയും വീട് പൂട്ടി ആശുപത്രിക്കവലയ്ക്കടുത്തുള്ള ബന്ധു വീട്ടിലേക്ക് പോയത്.
രാവിലെ എറണാകുളത്തിന് പോയ മകൻ നിഷാന്തും കുടുംബവും രാത്രി 8.30ന് തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് മണിക്കൂറിനുള്ളിലാണ് മോഷണം നടന്നതെന്നുള്ളതാണ് വസ്തുത. റോഡ് സൈഡാണെങ്കിലും, കനത്ത മഴയും, തൊട്ടടുത്ത് വീടുകൾ ഇല്ലാത്തതും മോഷ്ടാക്കൾക്ക് തുണയായി.
വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ പാര ഉപയോഗിച്ചാണ് തിക്കിപൊളിച്ചിരിക്കുന്നത്. ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ നിഷാന്തിന്റെ കിടപ്പുമുറിയുടെ വാതിൽ കുത്തിപ്പൊളിച്ചു. മുറിക്കുള്ളിലെ അലമാരി പൂട്ടിയിരുന്നില്ല. ഇതിനുള്ളിലാണ് സ്വർണാഭരണങ്ങളും, കറൻസിയും സൂക്ഷിച്ചിരുന്നു.
ഇവിടുത്തെ അലമാരയിലും, മേശയിലുമുള്ള സാധന സാമഗ്രികൾ വാരി വലിച്ച് പുറത്തിട്ടിരിക്കുകയാണ്. ജേക്കബിന്റെ മുറി പൂട്ടിയിരുന്നില്ലായിരുന്നു. ഇവിടുത്തെ അലമാരിയും, മേശ വലിപ്പുകളും പരിശോധിച്ച നിലയിലായിരുന്നു. ഇതിനുള്ളിൽ രണ്ട് സ്വർണ വളകൾ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടില്ല.
അലമാരിയിലുണ്ടായിരുന്ന പെർഫ്യുമുകളും മറ്റും കൊണ്ടുപോകുന്നതിനായി ബാഗിൽ എടുത്തുവെച്ചിരുന്നു. സ്വീകരണ മുറിയിലുണ്ടായിരുന്ന എൽഇഡി ടിവിയിൽ നിന്നും ഹോം തീയേറ്ററിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകൾ മുറിച്ചുമാറ്റി ഇതിന്റെ സ്പീക്കർ ബോക്സുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം ഒരു സഞ്ചിയിലാക്കിയ നിലയിൽ ഇവിടെ നിന്നും ലഭിച്ചു.
സൗദിയിൽ ജോലി ചെയ്യുന്ന ജേക്കബിന്റെ മകൻ നിഷാന്തും കുടുംബവും നാട്ടിലെത്തിയിട്ട് അധികം നാളുകളായിട്ടില്ല. ഇവർ തിരിച്ച് വീട്ടിലെത്തിയ സമയത്ത് മോഷ്ടാക്കൾ ഇവിടെയുണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. വാഹനം മുറ്റത്തേക്ക് പ്രവേശിക്കുന്നതുകണ്ട് മോഷ്ടാക്കൾ പിൻവശത്തെ വാതിൽ വഴി ഉടൻ രക്ഷപെടുകയായിരുന്നുവെന്ന് കരുതുന്നു.
ഇതിനാലാണ് ബാഗുകളിൽ ശേഖരിച്ച സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കാതെ വന്നത്. വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ച് ലൈറ്റ് തെളിച്ചപ്പോൾ തന്നെ സ്വീകരണ മുറിയിലെ ടിവി സ്റ്റാന്റിന് സമീപമുള്ള മേശവലിപ്പുകളിൽ നിന്നും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ കാണപ്പെട്ടിരുന്നു. പിന്നീട് മുറികളിൽ പോയി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്.
സംഭവമറിഞ്ഞ് ഉടനെ പിറവം സിഐ കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിച്ചേർന്നിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും, വാഹന പരിശോധനകളും മറ്റും നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. രാത്രിയിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഏതാനും പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.