പത്തനാപുരം:കമുകുംചേരി കഴിഞ്ഞ ഒരാഴ്ചയായി മോഷണങ്ങൾ നിരവധിയായിട്ടും രാത്രി യിൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്ന പരാതിയെ തുടര്ന്ന് എല്ലാ ദിവസവും കമുകുംചേരി മേഖലയിൽ പട്രോളിംഗ് നടത്താൻ സിറ്റിപോലീസ് കമ്മീഷണർ നിർദേശം നൽകി. കമുകുംചേരിയിൽ പരാതി ബുക്ക് വയ്ക്കുവാനും എല്ലാ ദിവസവും പോലീസ് ബുക്കിൽ ഒപ്പിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനാപുരം, കുന്നിക്കോട് പോലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശമായ കമുകും ചേരിയിൽ ഇരുകൂട്ടരും പട്രോളിംഗ് നടത്തുന്നില്ലെന്നാണ് ആക്ഷേപമുണ്ടായിരുന്നത് .മറ്റത്ത് തിരുവിളങ്ങോനപ്പൻ ക്ഷേത്ര മേൽ ശാന്തിയുടെ ബൈക്കിൽ നിന്നും വിലപിടിപ്പുള്ള ഫോൺ, ലൈറ്റ്, പെട്രോൾ എന്നിവ മോഷ്ടിക്കുകയും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തതാണ് അവസാന സംഭവം.
കാർപോർച്ചിലും റോഡരികിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നുംവിലപിടിപ്പുള്ള വസ്തുക്കൾ,വാഹനങ്ങളുടെ ബാറ്ററി, ലൈറ്റുകൾ, ഇന്ധനം, എന്നിവ കഴിഞ്ഞ കുറച്ചു ദിവസങ്ങളിയി മോഷണം പോകുന്നു.വാഹനങ്ങളുള്ള വീടുകൾ പകൽ സമയം നിരീക്ഷിച്ച ശേഷം രാത്രിയിൽ ബൈക്കിൽ എത്തിയാണ് ഇക്കൂട്ടർ മോഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം മോഷ്ടാക്കൾ എന്നു സംശയിക്കുന്ന 2 പേരുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തുകയും പത്തനാപുരം, കുന്നിക്കോട് പോലീസ് സ്റ്റേഷനകളിൽ പരാതിനൽകുകയും ചെയ്തിരുന്നു.രാത്രിയിൽ മേഖലയിലെ വീടും പരിസരവും വാഹനങ്ങളും നിരീക്ഷിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
പോലീസ് പട്രോളിംഗ് നടത്താത്തതിനാൽ ഇത്തരത്തിലുള്ള മോഷണങ്ങൾ തടയുവാൻ വീട്ടിലോ പരിസരങ്ങളിലോ സംശയമുള്ള വരെയോ വാഹനങ്ങളോ ചെറിയ ശബ്ദങ്ങൾ എന്നിവയുണ്ടായാൽ നിരീക്ഷിച്ച് ഫോൺ വഴി എല്ലാവരിലും എത്തിച്ച് തുടർ നടപടികളെടുക്കുവാനും തീരുമാനിച്ചിരുന്നു. പോലീസ് പട്രോളിംഗ് നടത്തുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.