കോട്ടയം: ഇരുട്ടിൽ പതിയിരുന്ന് ഒറ്റയ്ക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ശരീരത്തേക്ക് ചാടി വീഴും. തുടർന്ന് ആക്രമിച്ചു പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ കൈലാക്കുകയാണ് ഇന്നലെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയ കവർച്ച സംഘത്തിന്റെ പതിവ് രീതി.
സംഘത്തിൽപ്പെട്ട പൂവന്തുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്ണു (25), പൂവൻതുരുത്ത് പുത്തൻപറന്പിൽ വിഷ്ണു (22), പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പൂവന്തുരുത്ത് വ്യവസായിക മേഖലയിൽ വിവിധ സ്ഥാപനങ്ങളിലായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ ആക്രമിച്ചു പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി.
നാലംഗ സംഘം റോഡിലെ ഇരുട്ടുള്ള സ്ഥലങ്ങളിൽ പതുങ്ങിയിരിക്കും. ഒറ്റയ്ക്കു വരുന്ന ഇതര സംസ്ഥാനക്കാരെ ആക്രമിക്കുകയാണ് പതിവ്. ശബ്ദമുണ്ടാക്കിയാൽ മർദിച്ച് അവശനാക്കുകയും ചെയ്യും.
പതിവ് പോലെ ഇത്തരത്തിലുള്ള ആക്രമണത്തിനു പദ്ധതി തയാറാക്കി കഴിഞ്ഞ 22ന് സംഘം ഏറെ സമയം കാത്തിരുന്നിട്ടും ഇതര സംസ്ഥാനക്കാർ എത്തിയില്ല.
ഇതോടെയാണ് ഇതുവഴി ഒറ്റയ്ക്ക് എത്തിയ ക്രഷറിലെ ജോലിക്കാരൻ പൂവന്തുരുത്ത് സ്വദേശിയായ അനൂപിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നത്. തുടർന്നു അനൂപ് പരാതി നല്കിയതോടെ അന്വേഷണം നടത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
സമാന രീതിയിൽ മുന്പും പലപ്പോഴും സംഘം മോഷണം നടത്തിയിട്ടുണ്ടെന്നും നിരവധി ഇതര സംസ്ഥാനക്കാർ ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ പി.ടി. ബിജോയി, എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥൻ, എസ്ഐ ഷിബുക്കുട്ടൻ, എഎസ്ഐ അൻസാരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി, സിവിൽ പോലീസ് ഓഫീസർ ബോബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.