പടന്ന: അധ്യാപകന്റെ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാതായി. ഉദിനൂർ സെൻട്രലിൽ വാടകവീട്ടിൽ താമസിക്കുന്ന കണ്ണൂർ കടമ്പൂർ ഹൈസ്കൂൾ അധ്യാപകൻ കെ.വി. പ്രദീപിന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്.
അലമാരയിലെ ലോക്കറിൽ മാസങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സ്വർണം ഞായറാഴ്ച നടന്ന ഉത്സവത്തിനു പോകുമ്പോൾ അണിയാനായി ശനിയാഴ്ച ഉച്ചയോടെ പരിശോധിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. രണ്ടു കിടപ്പുമുറികളുള്ള വീട്ടിൽ മറ്റൊരു അലമാരയിൽ പണവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ സ്വർണം സൂക്ഷിച്ച അലമാര വീട്ടുകാർ തിരിച്ചറിയാത്ത വിധം താക്കോൽ ഉപയോഗിച്ച് തുറന്നു ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രദീപിന്റെ ഭാര്യ പദ്മജയുടെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച താലിമാല,വളകൾ, നെക്ലേസുകൾ, മകന്റ കൈച്ചെയിൻ,മോതിരങ്ങൾ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്.
വീടിന്റേയോ അലമാരയുടെയോ വാതിലുകൾ തകർക്കുകയോ ഒന്നും വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇരുവരുടെയും ഇരുചക്രവാഹനങ്ങളുടെ താക്കോലിനോടൊപ്പമായിരുന്നു വീടിന്റെ താക്കോലും കൊണ്ടുനടന്നിരുന്നത്. കഴിഞ്ഞ മാസം 26ന് ഇതിൽ ഒന്ന് നഷ്ടപ്പെട്ടിരുന്നു. താക്കോൽ നഷ്ടപ്പെട്ടതറിഞ്ഞ ഉടനെ പൂട്ട് മാറ്റിയിട്ടിരുന്നു.
ചന്തേര പോലീസിൽ അധ്യാപകൻ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. വീടിന് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും രണ്ടു സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയുടെ പുറത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന സൂചന നാട്ടുകാർ പോലീസിന് നൽകിയിട്ടുണ്ട്.