ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് മൂന്നു കോടി രൂപ വിലവരുന്ന വീട്. മുൻ പ്രഫഷണൽ ബോക്സിംഗ് താരമായ പഞ്ചാക്ഷരി ശങ്കയ്യസ്വാമി (37) ആണു മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കു വീട് വച്ചു നൽകിയത്.
ഇയാളെ കഴിഞ്ഞദിവസം ബംഗളൂരു മഡിവാല പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ശങ്കയ്യസ്വാമി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കോൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു.
ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ഇവർക്കാണു വീടു പണിതു നൽകിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദനക്കേസുകളിൽ പ്രതിയായ ശങ്കയ്യസ്വാമി ലഹരിക്ക് അടിമയാണെന്നു പോലീസ് പറയുന്നു.