‘കായംകുളം : ഹോം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് പ്രവാസിയായ വീട്ടുടമ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മോഷണം. വീടിനുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണ്ണാഭരണവും ഐഫോണും മറ്റുമാണ് കവർന്നത്.
കായംകുളം കൃഷ്ണപുരം ഞക്കനാൽ ശ്രീശൈലത്തിൽ രതീഷ് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നു അഞ്ചേകാൽ പവൻ സ്വർണ്ണാഭരണങ്ങളും ഡയമെണ്ട് കമ്മലും പണവും ഐഫോണുമാണ് മോഷ്ടിച്ചത്.
ഗൾഫിൽ നിന്നെത്തിയ രതീഷ് ചന്ദ്രൻ ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ ഭാര്യവീട്ടിലേക്ക് വീട് പൂട്ടി പോയി. ഈ സമയമാണ് മോഷണം നടന്നത്.
കതകടയ്ക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ രണ്ടു പേർ നടന്നു പോകുന്നതുകണ്ടു. സംശയം തോന്നി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കതക് കുത്തിപ്പൊളിച്ച് മോഷണം നടത്തിയതായി കണ്ടത് .
തുടർന്നുള്ള അന്വേഷണത്തിൽ സമീപത്ത് റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഇന്നോവ കാർ കണ്ടെത്തി. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.എന്നാൽ മോഷണവുമായി ഈ വാഹനത്തിന് ബന്ധമില്ലെന്നും ഒരു വാറൻറ് കേസിലെ പ്രതി സഞ്ചരിച്ച വാഹനമാണിതെന്നും പോലീസ് പറഞ്ഞു .
പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടതാണെന്ന് പോലീസ് പറഞ്ഞു.മോഷണ സംഭവത്തിലെ പ്രതിയെ കണ്ടെത്താൻ സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ കായംകുളം പോലീസ് പരിശോധിച്ചു വരികയാണ്.