റോബിൻ ജോർജ്
കൊച്ചി: കൊച്ചിയിൽ നടന്ന മോഷണ പരന്പരയിൽ ഇനിയും പിടിയിലാകാനുള്ള എട്ടംഗ സംഘം ബംഗ്ലാദേശിലേക്കു കടന്നതായി പോലീസ്. ഡൽഹിയിൽ തങ്ങുന്ന അന്വേഷണ സംഘത്തിനാണു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്.
വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ച് ഡൽഹിയിൽ താമസിച്ചുവന്നിരുന്ന ഇവർ നാളുകൾക്കു മുന്പാണ് ബംഗ്ലാദേശിലേക്കു കടന്നത്. ഇന്നലെ പിടികൂടിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അന്വേഷണ സംഘം രാഷ്ട്രദീപികയോടു പറഞ്ഞു.
ബംഗ്ലാദേശ്, ബിഹാർ സ്വദേശികളായ മൂന്നുപേരെയാണു അന്വേഷണ സംഘം ഇന്നലെ ഡൽഹിയിൽനിന്നും പിടികൂടിയത്. തൃപ്പൂണിത്തുറ എരൂരിലും ലിസി ആശുപത്രിക്കു സമീപവും വീട്ടുകാരെ ആക്രമിച്ചു കൊള്ള നടത്തിയ സംഭവത്തിൽ അർഷാദ്, റോണി, ഷെഹ്ഷാദ് എന്നിവരാണു പിടിയിലായത്. ഇതിൽ ഷെഹ്ഷാദ് ബിഹാർ സ്വദേശിയും മറ്റു രണ്ടു പേർ ബംഗ്ലാദേശികളുമാണ്.
അർഷാദിനെ പിടികൂടിയ സംഘത്തിനു നേരേ കല്ലേറ്
നാളുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കേരള-ഡൽഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണു പ്രതികൾ പിടിയിലായത്. ഡൽഹി ദിൽഷാദ് ഗാർഡനിലെ ഹൗസിംഗ് കോളനിയിലെ വീട്ടിൽനിന്നും ഇന്നലെ പുലർച്ചെ അർഷാദിനെയാണു പോലീസ് ആദ്യം പിടികൂടിയത്. ഇയാളിൽനിന്നു കിട്ടിയ വിവരങ്ങളെ തുടർന്നു ഷെഹ്ഷാദും റോണിയും അറസ്റ്റിലായി. ഈ ഹൗസിംഗ് കോളനി കൊള്ളക്കാരുടെ സങ്കേതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പുറത്തുനിന്ന് ആർക്കും അകത്തേക്കു പ്രവേശനമില്ല. ഡൽഹി പോലീസുപോലും പ്രവേശിക്കാൻ ഭയക്കുന്ന കോളനിക്കു പുറത്ത് ഏഴു ദിവസമാണു പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികൾക്കായി വലവിരിച്ച് കാത്തുകിടന്നത്.
ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ള തസ്കര സംഘം തന്പടിച്ചിരിക്കുന്ന കോളനിയാണു ദിൽഷാദ് ഗാർഡനിലെ ഹൗസിംഗ് കോളനി. കോളനിയ്ക്കു പുറത്തെത്തിയ അർഷാദിനെ ഡൽഹി പോലീസ് ഉൾപ്പെടെയുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാളിൽനിന്നു സംഘത്തിലെ രണ്ടുപേർകൂടി കോളനിക്കുള്ളിലുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.
എന്നാൽ, ഈ സമയം അർഷാദിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ കോളനി നിവാസികൾ പോലീസ് സംഘത്തെ വളയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. കല്ലും മണ്ണും ഉപയോഗിച്ച് പോലീസിനുനേരെ എറിഞ്ഞ കോളനിക്കാർ പോലീസ് കോളനിയുടെ ഉള്ളിലേക്കു കയറുന്നതു തടഞ്ഞു.
കല്ലേറിൽ അർഷാദിന്റെ ചെവിക്കു പരിക്കേൽക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തുനിന്നും പിന്തിരിഞ്ഞ അന്വേഷണ സംഘം വൈകിട്ടോടെ ഡൽഹി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കൂടുതൽ സംഘങ്ങളുടെ സഹായത്തോടെ കോളനിക്കുള്ളിൽ പ്രവേശിക്കുകയും മറ്റു പ്രതികളായ റോണിയെയും ഷെഹ്ഷാദിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളുമായി നാളെ യാത്രതിരിക്കും
മൂവരെയും ഡൽഹി കോടതിയിൽ ഹാജരാക്കിയശേഷം കേരളത്തിലേക്കു കൊണ്ടുവരുന്നതിനുള്ള വാറണ്ട് വാങ്ങിയ പോലീസ് നാളെ രാവിലെ ട്രെയിൻ മാർഗം കൊച്ചിക്ക് യാത്ര തിരിക്കും. സ്വർണ ജയന്തിക്കാണു സംഘം യാത്ര തിരിക്കുന്നത്. പ്രതികളെ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എരൂരിലെ വീട്ടിൽനിന്നു കവർന്ന സ്വർണാഭരണങ്ങളിൽ ഒരു ഭാഗം അർഷാദിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്നാഴ്ച നീണ്ട അന്വേഷണം
മൂന്നാഴ്ച നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവിലാണു പ്രതികൾ പിടിയിലായത്. സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിസംബർ 15, 16 തീയതികളിലാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ കെട്ടിയിട്ടു കവർച്ച നടത്തിയത്. എറണാകുളത്തെ ബാബുമൂപ്പന്റെ ഭാര്യയുടെ മാതാപിതാക്കളെ കെട്ടിയിട്ട് അഞ്ചു പവനും ഏലൂരിൽനിന്ന് 50 പവനും 20,000 രൂപയുമാണു കവർന്നത്.
തൃപ്പൂണിത്തുറ ഏരൂർ എസ്എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണു കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലു തകർത്തശേഷം കന്പികൾ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. തടയാൻ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയും ചെയ്തു. ഭാര്യ ഷാരിയെ ബാത്ത്റൂമിലും അമ്മയെയും രണ്ടു മക്കളെയും ഓരോ മുറിയിലുമായി പൂട്ടിയിട്ടു. അതിനു ശേഷമായിരുന്നു കവർച്ച.