ഇരിങ്ങാലക്കുട: പുല്ലൂർ അന്പലനടയിൽ മൂന്നു ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിപൊളിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ശിവവിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളീ ക്ഷേത്രം, പള്ളത്ത് ദേവീ ക്ഷേത്രം എന്നിവയുടെ ഭണ്ഡാരങ്ങളാണു തകർത്തിരിക്കുന്നത്.
പുലർച്ചെ അഞ്ചിന് ശിവവിഷ്ണു ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണു കൗണ്ടറിന്റെ പൂട്ടും മൂന്ന് ഭണ്ഡാരങ്ങളും തകർത്ത നിലയിൽ കണ്ടത്. ഇതിൽ രണ്ടു ഭണ്ഡാരങ്ങളിൽ എണ്ണായിരം രൂപയോളം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ പറഞ്ഞു.
ഭണ്ഡാരങ്ങളിൽ നിന്നും ചില്ലറ നാണയങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടില്ല. സമീപത്തെ വീട്ടിൽനിന്നും എടുത്ത പിക്കാസ് ഉപയോഗിച്ചാണു പൂട്ട് പൊളിച്ചിട്ടുള്ളത്. പിക്കാസ് പോലീസ് കണ്ടെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട എസ്ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.