നേമം: വീട് കുത്തിതുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. അയിരൂർപാറ ചന്തവിള ഗവൺമെന്റ് യുപിഎസിന് സമീപം നൗഫിൻ മൻസിലിൽ റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കല്ലിയൂർ ആലരത്തല റോഡിലെ വീട്ടിൽ കയറി, വീട്ടിലുണ്ടായിരുന്ന മുപ്പത്തി അയ്യായിരം രൂപ വിലയുള്ള ഡയമണ്ട് മൂക്കുത്തിയും, ഇരുപത്തി അയ്യായിരം രൂപ വില വരുന്ന രണ്ട് സ്വർണ ലോക്കറ്റും മോഷണം നടത്തിയ കേസിൽ നടന്ന അനേഷണത്തിലാണ് അൻപതോളം മോഷണ കേസിലെ പ്രതിയായ റഹീസ് ഖാൻ പിടിയിലാകുന്നത്.
മുൻപ് കഴക്കൂട്ടം യുണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനി ഓഫീസ് കുത്തിതുറന്ന് ചെസ്റ്റ് ബോക്സ് അറുത്തു മുറിച്ച് ഒരു ലക്ഷത്തി പതിനാറായിരം രൂപ കവർന്ന കേസ്, വഞ്ചിയൂർ അക്ഷര വീഥി റോഡിലുള്ള ഒരു വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസുമുൾപ്പെടെ അൻപതോളം മോഷണക്കേസുകളാണ് ഇയാൾക്കുള്ളത്.
കൗമാര പ്രായത്തിൽ തന്നെ മോഷണം തുടങ്ങിയ റഹീസ് ഖാന്, നേമം വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ, പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ്, കോവളം, ഫോർട്ട്, മലയിൻകീഴ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം, കവര്‍ച്ച ബൈക്ക്മോഷണം എന്നിവയ്ക്ക് കേസുകള്‍ നിലവിലുണ്ട്.
പോലീസ് പിടികൂടാൻ എത്തുമ്പോള്‍ പോലീസിനെ ആക്രമിക്കുന്നത് ഇയാളുടെ രീതിയാണ്. ഇയാൾ സമാന രീതിയിലുള്ള മോഷണങ്ങൾ മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
നേമം എസ്എച്ച്ഒ രഗീഷ്കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ ജയകുമാർ, ഗിരി, ഉണ്ണികൃഷ്ണൻ, ബിനു, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.