കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ സ്വർണമാലയും പണവും മോഷ്്ടിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷി (31)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് മോഷണങ്ങൾ നടത്തിയിരുന്നത്.
ഇയാൾ കഴിഞ്ഞമാസം 13നു തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു.
ഇയാൾക്കെതിരെ മലപ്പുറം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി നിരവധി കേസുകളുണ്ട്. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ കെ.കെ. പ്രശോഭ്, എഎസ്ഐ സിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.