കണ്ണർ: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വാരം ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണം മോഷണം പോയി. ബന്ധമ്പേട്ട് സുരേശന്റെ വീട്ടിലാണ് വ്യാഴാഴ്ച അർധരാത്രിക്കുശേഷം കവർച്ച നടന്നത്.
സുരേശന്റെ മകൾ വർഷയുടെയും പേരക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വർഷ പ്രസവത്തിനായി വീട്ടിലെത്തിയതായിരുന്നു. പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് നടക്കാനിരിക്കെയാണ് മോഷണം നടന്നത്.
അലമാരയിൽ വച്ചിരുന്ന സ്വർണാഭരണങ്ങൾ പെട്ടിയിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചതായിരുന്നു. കിടപ്പുമുറിയുടെ ജനൽ തുറന്നാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ചക്കരക്കൽ എസ്ഐ ബിജു, എഎസ്ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘമായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ, പയ്യന്നൂർ, മാതമംഗലം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാവ് വലയിലായതായി സൂചനയുണ്ട്. പയ്യന്നൂർ മേഖലയിൽ സ്വർണം വിറ്റതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.