പേരൂര്‍ക്കട: റിട്ട. അസി. കമന്‍ഡാന്റിന്റെ വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ 16 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്നലെ രാത്രി 11 മണിയോടെ വട്ടിയൂര്‍ക്കാവ് നെട്ടയം സി.പി.ടിക്ക് എതിര്‍വശം അശ്വതിയില്‍ രവീന്ദ്രന് നായരുടെ വീട്ടിലായിരുന്നു മോഷണം. ഇരുനില വീട്ടില്‍ രവീന്ദ്രന് നായരും ഭാര്യയും മക്കളുമാണ് താമസിച്ചു വരുന്നത്.
ഭക്ഷണം കഴിക്കുന്നതിന് എല്ലാപേരും ഒന്നിച്ച് മുകളിലത്തെ നിലയില്‍ കഴിയുമ്പോഴാണ് മോഷണമെന്നാണു സൂചന. താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ലാപ്ടോപ്പും വിലപിടിപ്പുള്ള മൊബൈല്‍ഫോണുകളും ഇതിനു സമീപമുണ്ടായിരുന്നുവെങ്കിലും അവയൊന്നും മോഷണം പോയിട്ടില്ല.
താഴത്തെ നിലയിലുള്ള അടുക്കളവാതിൽ അടച്ചിരുന്നില്ല.
ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് എസ്.ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുത്തു.