കണ്ണൂർ: തളിപ്പറമ്പിൽനിന്നു പണയ സ്വർണമെടുക്കാനായി കൂട്ടിക്കൊണ്ട് വന്ന് ജ്വല്ലറി ഉടമയായ വയോധികന്റെ ലക്ഷങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ രണ്ടംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ.
കണ്ണൂർ സിറ്റി സ്വദേശി അഷറഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി പാപ്പിനിശേരി സ്വദേശി മൻസൂർ ഒളിവിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. മൻസൂറിനെ പരാതിക്കാരനായ തളിപ്പറമ്പിലെ ജ്വല്ലറി ഉടമ കീഴാറ്റൂർ സ്വദേശി കെ.എം. അഗസ്റ്റിന് മുൻ പരിചയം ഉണ്ടായിരുന്നു.
മുമ്പ് മൻസൂറിന് പണയാഭരണങ്ങൾ എടുക്കാൻ അഗസ്റ്റിൻ സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം മൻസൂർ അഗസ്റ്റിനെ സമീപിച്ച് തന്റെ സുഹൃത്തായ അഷറഫിന്റെ 97 ഗ്രാം സ്വർണാഭരങ്ങൾ പണയത്തിലാണെന്നും ഇതെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പാപ്പിനിശേരിയിലാണ് പണയം വച്ചിരിക്കുന്നതെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മൻസൂർ തന്റെ സ്കൂട്ടറിൽ അഗസ്റ്റിനെയും കൂട്ടി പാപ്പിനിശേരിയിൽ എത്തിയപ്പോൾ പ്രതിയുടെ സുഹൃത്തായ അഷറഫും വന്നു.
അഗസ്റ്റിനോട് സ്കൂട്ടറിൽനിന്ന് ഇറങ്ങാൻ പറയുകയും ഇറങ്ങിയപ്പോൾ കൈയിൽ ഉണ്ടായിരുന്ന 6.5 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കോടിച്ചു പോകുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. ഒന്നാം പ്രതി മൻസൂറിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.