പരിയാരം: വീട് കുത്തിത്തുറന്ന് 15 പവനും 45,000 രൂപയും കവർച്ച ചെയ്തു. കോരൻപീടിക മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കൊഴുക്കൽ വീട്ടിൽ സൈനുൽ ആബിദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പിറകിലെ ഗ്രിൽസ് പിക്കാക്സ് ഉപയോഗിച്ച് തകർത്ത് അടുക്കളവാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് എല്ലാ മുറികളിലും കയറി സാധനങ്ങൾ വാരിവലിച്ചിടുകയും ഷെൽഫുകൾ കുത്തിത്തുറക്കുകയും ചെയ്തിട്ടുണ്ട്.
വീട്ടിലെ കിണറിന്റെ മോട്ടോർ തകരാറായതിനാൽ വീട്ടുകാർ നാല് ദിവസമായി തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. പരിയാരം മെഡിക്കൽ കോളജ് പോലീസ് അഡീഷണൽ എസ്ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വീടിനകത്ത് ഷെൽഫിൽ സൂക്ഷിച്ച പാസ്പോർട്ടുകൾ ഉൾപ്പെടെ വിലപ്പെട്ട രേഖകൾ മുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ്.സംഭവത്തിൽ രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.