ചങ്ങനാശേരി: മാമ്മൂട് ചൂരനോലിക്കൽ ഭാഗത്ത് രണ്ടാഴ്ചയ്ക്കകം ഒരു വീട്ടിൽ രണ്ടാം തവണ മോഷണം. കല്ലുകളം ആന്റണി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് മോഷണം നടന്നത്. ആന്റണിയുടെ മകളുടെ രണ്ടര പവന്റെ പാദസരവും പഴ്സിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയുമാണ് മോഷണം പോയത്.
ഈ മാസം ആറിന് രാത്രി 7.30-നും 9.30-നും മധ്യേ ഇതേ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരുന്നു. അന്ന് വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. ഈ വീട്ടിൽ ആന്റണിയുടെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കഴിഞ്ഞ ആറിന് മോഷണശ്രമം നടന്നത്.
വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് അന്ന് മോഷ്ടാവ് വീട്ടിൽ കടന്നത്. എന്നാൽ, വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും മോഷണം നടന്നത്.
ആന്റണി ചാക്കോ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. പോലീസെത്തി അന്വേഷണം ആരംഭിച്ചു. മാന്നില, ചൂരനോലി മാമ്മൂട്, ഭാഗങ്ങളിൽ മഴക്കാലമെത്തിയതോടെ മോഷണം വ്യാപകമായതായി പരാതിയുണ്ട്.